കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഒബാമയോട് നവാസ് ഷരീഫിന്റെ അഭ്യര്‍ത്ഥന

ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയോട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അഭ്യത്ഥന. അടുത്ത ജനുവരിയില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കാശ്മീര്‍ വിഷയം മോഡി ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യണമെന്നാണ് നവാസ് ഷരീഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒബാമ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് നവാസ് ഷരീഫ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കാര്യം പറയാന്‍ വിളിച്ചതായിരുന്നു ഒബാമ.

കാശ്മീര് വിഷയത്തിലുള്ള തീരുമാനം സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ സമാധാനവും സ്ഥിരതയും സാമ്പത്തിക സഹകരണവും ഉണ്ടാകുമെന്ന് നവാസ് ഷരീഫ് അറിയിച്ചു.

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ലക്ഷ്യം ഉണ്ടായിരുന്നു. എന്നാല്‍, നേരെ മറിച്ചുള്ള പ്രതിരണമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിദേശ സെക്രട്ടറിമാരുടെ ചര്‍ച്ചകള്‍ റദ്ദാക്കുകയും ലൈന്‍ ഓഫ് കണ്‍ട്രോളില്‍ വെടിവെയ്പ്പുണ്ടാവുകയുമായിരുന്നു ചെയ്തതെന്നും ഷരീഫ് പറഞ്ഞു. ഏതുസമയത്തും കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നാണ് തീരുമാനമുണ്ടാകേണ്ടതെന്നും നവാസ് ഷരീഫ് വ്യക്തമാക്കി.

കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒബാമ പോസിറ്റീവ് അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കാശ്മീര്‍ വിഷയത്തിലുള്ള നവാസിന്റെ സമീപനത്തെ ഒബാമ പ്രശംസിക്കുകയും ചെയ്തു. സമീപകാലത്ത് തന്നെ പാക്കിസ്ഥാനിലും താന്‍ സന്ദര്‍ശനം നടത്തുമെന്നും ഒബാമ അറിയിച്ചിട്ടുണ്ട്.

Top