കാശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് ഫറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: കാശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഫറൂഖ് അബ്ദുള്ള. ഇന്ത്യയേയും പാക്കിസ്ഥാനേയും സംബന്ധിച്ച് കാശ്മീര്‍ വളരെ പ്രധാന അജണ്ടയാണെന്ന് പറഞ്ഞ അദ്ദേഹം മുന്നോട്ട് നീങ്ങാനുള്ള മികച്ച മാര്‍ഗം ചര്‍ച്ചകളാണെന്ന് വ്യക്തമാക്കി.

ഫറൂഖ് അബ്ദുള്ള ജീവിച്ചിരുന്നാലും മരിച്ചാലും സത്യമിതാണ്. കാശ്മീര്‍ ഒരിക്കലും പാകിസ്ഥാന് ലഭിക്കില്ല. അവര്‍ ആകാശത്തിന് മുകളില്‍ കയറി നിന്ന് ശ്രമിച്ചാലും അത് കിട്ടില്ല. ഇനി വരാനിരിക്കുന്ന നിരവധി നൂറ്റാണ്ടുകളിലും അതൊരിക്കലും സംഭവിക്കില്ല. അതിനാല്‍ യാതൊന്നും നേടാനാകാത്ത ഒന്നിനായി എന്തിനാണ് ഇത്രയും പ്രശ്‌നമുണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അവര്‍ ഇവിടെ ബോംബ് ചെയ്യുന്നു, നമ്മള്‍ തിരികെയും. അവിടെ മരിക്കുന്നത് നിഷ്‌കളങ്കരായ ജനങ്ങളാണ്. യുദ്ധമുണ്ടാകുമെന്ന ഭീഷണിയോ ആറ്റം ബോംബിന്റേയോ അണുആയുധത്തിന്റേയോ ഉപയോഗമോപ്രശ്‌നം പരിഹരിക്കില്ല. ഒരു തീരുമാനത്തിലെത്താനായി നാം വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. പാകിസ്ഥാനിലും ഇന്ത്യയിലും ഒരേ പോലെ തോക്കുകളും, ഹെലികോപ്ടറുകളും സൈനിക ഉപകരണങ്ങളും വില്‍ക്കുന്ന അമേരിക്ക നമ്മളെ സഹായിക്കില്ല. നമ്മള്‍ പരസ്പരം കൊന്നൊടുക്കുന്‌പോള്‍ അവര്‍ പണം നേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇസ്ലാമബാദിലേക്കും കറാച്ചിയിലേക്കും ലാഹോറിലേക്കും യാത്ര ചെയ്യാനാകുന്ന ഒരു ദിവസം താന്‍ ആഗ്രഹിക്കുന്നു. തന്റെ മുത്തച്ഛനേയും അമ്മാവനേയും അടക്കം ചെയ്തിരിക്കുന്നത് ലാഹോറിലാണ്. പക്ഷെ തനിക്ക് അവിടേയ്ക്ക് പോകാനാകില്ല. എന്നാല്‍ താന്‍ മരിച്ചാല്‍ തന്റെ ആത്മാവിനെ അവിടേയ്ക്ക് പോകുന്നതില്‍ നിന്നും തടയാന്‍ പാകിസ്ഥാന് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തികളില്‍ മാറ്റമുണ്ടാകണമെന്ന് രാജ്യം എത്രത്തോളം ആഗ്രഹിച്ചാലും അത് നടക്കില്ലെന്നത് വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം പാകിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണെങ്കിലും അവിടുത്തെ യഥാര്‍ത്ഥ ഭരണകാരികള്‍ പാകിസ്ഥാന്‍ സൈന്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

Top