കാശ്മീരില്‍ ഭീകരര്‍ വരുന്ന വഴിയറിയാതെ ഇരുട്ടില്‍ തപ്പി സൈന്യം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിട്ടും രാജ്യത്തേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ കഴിയാതെ വിഷമിക്കുകയാണു സൈന്യം. ഭീകരര്‍ എതുവഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതെന്നു കണ്ടുപിടിക്കാന്‍ പോലും ഇവര്‍ക്കു സാധിച്ചിട്ടില്ല. ഇതിനായി വ്യോമസേനയെ ചുമതലപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കശ്മീരിലെ പൊലീസ് സ്റ്റേഷനിലും രാജ്യത്തു മറ്റു പലയിടങ്ങളിലും ആക്രമണം നടത്തിയ ഭീകരര്‍ ഏതു വഴിക്കാണ് രാജ്യത്ത് എത്തിയതെന്ന് ഇന്റലിജന്‍സിനും പിടിയില്ല.

2013 മേയ് മാസത്തിനു ശേഷം രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളെല്ലാം സാമ്യമുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നെങ്കിലും, ഭീകരര്‍ എങ്ങനെ അതിര്‍ത്തി കടന്നുവെന്നതു സംബന്ധിച്ചു സൂചനകളൊന്നും ലഭിച്ചിരുന്നില്ല. നുഴഞ്ഞു കയറ്റം നടന്നതായി സൈന്യത്തിനു തെളിവുകളും ലഭിച്ചില്ല. ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണു അടുത്തിടെ ആക്രമണങ്ങളുണ്ടായത്. ഈ പ്രദേശത്തുകൂടി ഭീകരര്‍ നുഴഞ്ഞു കയറിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. അതേസമയം, നുഴഞ്ഞു കയറ്റം നടന്നതായി തെളിവില്ലെന്നാണ് ബിഎസ്എഫ് പറയുന്നത്.

ഇന്ത്യ-പാക് അതിര്‍ത്തിയിലുടനീളം വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെറിയ നീക്കം പോലും യുദ്ധത്തിലേക്കു നയിക്കാന്‍ സാധ്യതയുള്ള ഏഴു കിലോമീറ്റര്‍ മാത്രമാണ് ഇപ്പോഴും തുറസായി കിടക്കുന്നത്. ഇവിടം നിരന്തരം നീരീക്ഷണത്തിലാണ്. ഈ മേഖലകളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മറ്റു മേഖലകളില്‍ ബിഎസ്എഫ് കര്‍ശനമായ പരിശോധനകളും നടത്തുന്നുണ്ട്. ഈ വഴിക്ക് നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യതയില്ലെന്ന് ബിഎസ്എഫ് മേധാവി വ്യക്തമാക്കി.

Top