കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: പൊലീസും വിദ്യാര്‍ത്ഥികളും പോരാട്ടത്തിലേക്ക്

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പൊലീസും വിദ്യാര്‍ത്ഥികളും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക്. വ്യാഴാഴ്ച നടക്കുന്ന വിദ്യാര്‍ത്ഥി – യുവജന മാര്‍ച്ച് നേരിടാന്‍ നൂറുകണക്കിന് പൊലീസുകാരെ ക്യാമ്പസില്‍ വിന്യസിച്ചു.

സമരത്തെ ഏതുവിധേനയും നേരിടാനാണ് ജില്ലാ പൊലീസ് മേധാവി ദേബേഷ് ബഹ്‌റയുടെ നിര്‍ദേശം. അതിനാല്‍ വ്യാഴാഴ്ച ക്യാമ്പസില്‍ രൂക്ഷമായ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റിയിലെ ഒരു വിഭാഗം ജീവനക്കാരും ചേരാനിടയുണ്ട്.

ഹോസ്റ്റല്‍ പ്രശ്‌നത്തിന്റെ പേരില്‍ 115 ദിവസമായി ക്യാമ്പസില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരത്തിലാണ്. സമരം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാലാണ് 12ന് ഡിവൈഎഫ്‌ഐ – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസ് ഉപരോധിക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് – മലപ്പുറം ജില്ലകളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥി യുവജന ജാഥകള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പ്രയാണമാരംഭിച്ചിട്ടുണ്ട്.

ഇതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം വി.സിയുടെ വീടിനു നേരെയും ഹോസ്റ്റലിനുനേരെയും കല്ലേറുണ്ടായത്. എന്ത് വിലകൊടുത്തും ഉപരോധം പരാജയപ്പെടുത്താനാണ് പൊലീസ് തീരുമാനം. അതിനായി മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് നൂറുകണക്കിന് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഗ്രനേഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരുടെ കൈവശമുണ്ട്. സമരക്കാരുടെ ഭാഗത്തുനിന്ന് ചെറിയൊരു പ്രകോപനമുണ്ടായാല്‍ ഇവ ഉപയോഗിച്ചേക്കും.

Top