സമരമുഖങ്ങളില്‍ കാലിടറി എസ്എഫ്‌ഐ; നേരിടുന്നത് നിലനില്‍പ്പിന്റെ വെല്ലുവിളി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സ്വാശ്രയ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം അനന്തമായി നീളുന്നത് സംഘടനയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്നു. സര്‍വകലാശാല ക്യാമ്പസിലെ സമരം ക്യാമ്പസ് വിട്ട് സംസ്ഥാന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ഇതിന് കാരണം.

പ്രക്ഷോഭ സമരങ്ങളില്‍ തുടര്‍ച്ചയായി കാലിടറുന്ന ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റേയും അവസ്ഥ തന്നെയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐയും ഇപ്പോള്‍ നേരിടുന്നത്. ഡിപ്പാര്‍ട്‌മെന്റുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലും മെസ്സിലും കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ സര്‍വ്വകലാശാല അധികൃതരുടെ നടപടിയാണ് എസ്എഫ്‌ഐയുടെ സമരത്തിനാധാരം.

ഹോസ്റ്റലില്‍ നിന്ന് കായിക വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിലെ എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്റ്റുഡന്റ്‌സ് യൂണിയന്റേയും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടക്കുന്ന സമരം മൂന്ന് മാസം പൂര്‍ത്തിയാക്കാന്‍ ഇനി നാല് ദിവസം മാത്രം.

എസ്എഫ്‌ഐ  ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വങ്ങള്‍ നേരിട്ട് ഇടപെട്ടിട്ടും എംഎല്‍എമാരടക്കമുള്ളവരെ അണിനിരത്തി സിപിഎം പ്രക്ഷോഭം നടത്തിയിട്ടും എടുത്ത തീരുമാനം മാറ്റാന്‍ സര്‍വ്വകലാശാല ഇതുവരെ തയ്യാറായിട്ടില്ല. ഏകാധിപതിയെ പോലെ പെരുമാറുന്ന വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമിനെതിരെ സിപിഎം അനുകൂല സംഘടനയായ എംപ്ലോയീസ് യൂണിയനുമായി കൈകോര്‍ക്കുന്ന യുഡിഎഫ് അനുകൂല സംഘടനകള്‍ ഹോസ്റ്റല്‍ വിഷയത്തില്‍ ഭിന്ന നിലപാടിലാണ്.കായിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ യുഡിഎഫ് സംഘടനകള്‍.

ശാരീരികമായി കരുത്തരായ കായിക വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ്  ക്യാമ്പസില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടത്. എംഎസ്എഫ് നേതൃത്വം ഭരണ തലത്തില്‍ സമ്മര്‍ദം ചെലുത്തി കായിക വിദ്യാര്‍ത്ഥികളെ നിലവിലെ ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കായിക വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നതുവരെ ഈ രീതി തുടരുമെന്നാണ് സര്‍വ്വകലാശാല അധികൃതരുടെയും തീരുമാനം.

ഇതേതുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയനും എസ്എഫ്‌ഐയും നടപടി ചെറുക്കാന്‍ തുടങ്ങിയത് കായിക വിദ്യാര്‍ത്ഥികളുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. എല്‍ഡിഎഫുകാര്‍ അടക്കം ക്യാമ്പസില്‍ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നും എസ്എഫ്‌ഐ പരാതിപ്പെടുന്നു. അടുത്ത കാലംവരെ എല്ലാ രൂപത്തിലും സര്‍വ്വകലാശാല ക്യാമ്പസില്‍ ഉണ്ടായിരുന്ന എസ്എഫ്‌ഐ ആധിപത്യമാണ് ഇതോടെ ചോദ്യം  ചെയ്യപ്പെട്ടത്.

സംഘര്‍ഷം പതിവായതോടെ സമരം തീര്‍ക്കാന്‍ സിന്‍ഡിക്കേറ്റും,സര്‍വ്വകലാശാല അധികൃതരും നിരവധി തവണ ഇരുവിഭാഗങ്ങളുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതാണ് എസ്എഫ്‌ഐയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാര സമരത്തിന് ഇപ്പോള്‍ കാരണമായിട്ടുള്ളത്.

വിപ്ലവ വിദ്യാര്‍ത്ഥി സംഘടന നിരാഹാര സമരം വിട്ട് പിന്‍മുറക്കാര്‍ സ്വീകരിച്ചുപോന്ന തീഷ്ണമായ സമരത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറാവണമെന്ന വികാരമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത്. ഇങ്ങനെ എത്ര നാള്‍ സമരംകൊണ്ടുപോകാന്‍ കഴിയുമെന്ന ചോദ്യത്തിനും നേതൃത്വത്തിന് വ്യക്തമായ ഉത്തരമില്ല.

സംഘടനാ നേതൃത്വത്തില്‍ എസ്എഫ്‌ഐക്ക് സമര പാരമ്പര്യമുള്ള നേതാക്കള്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. എസ്എഫ്‌ഐയുടെ ചുമതലയുള്ള സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്  അംഗത്തിന്റെ അനാവശ്യമായ ഇടപെടലുകള്‍ സംഘടനയ്ക്ക് ക്ഷീണമുണ്ടാക്കുന്നതായും പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്.

കായിക വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് എംഎസ്എഫ് ക്യാമ്പസില്‍ ആധിപത്യം ഉറപ്പിച്ചാല്‍ സംഘടനാപരമായി നിലനില്‍ക്കാന്‍ പറ്റില്ലെന്നും ഇതിനെ പ്രതിരോധത്തിലാക്കാനുള്ള നടപടി നേതൃത്വം സ്വീകരിക്കുന്നില്ലെന്നുമാണ് എസ്എഫ്‌ഐയുടെ പരാതി. ക്യാമ്പസില്‍ ആദ്യമായി കായിക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടന രൂപീകരിച്ച് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച എസ്എഫ്‌ഐക്ക് ഇപ്പോള്‍ ഈ വിഭാഗത്തിനിടയില്‍ സ്വാധീനമില്ല.

വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ പഠിക്കുന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സ്വാധീനവും സമരം അനന്തമായി നീണ്ടുപോകുന്നതിലൂടെ നഷ്ടപ്പെടുമോയെന്ന ഭീതിയും നേതൃത്വത്തിനുണ്ട്.

Top