കാലാവസ്ഥാ ഉച്ചകോടി: ഭിന്നതയ്ക്കു പരിഹാരം

ലിമ: രണ്ടാഴ്ച നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കാര്‍ബണ്‍ വാതകം പുറന്തള്ളലിന്റെ അളവു കുറയ്ക്കുന്നതു സംബന്ധിച്ച ഭിന്നതകള്‍ക്കു പരിഹാരം. പെറൂവിയന്‍ തലസ്ഥാനം ലിമയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോള താപന നിരക്ക് രണ്ടു ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന കരാര്‍ അംഗീകരിച്ചു.

ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതാണു കരാറിന്റെ കരടെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. എന്നാല്‍, സമ്മര്‍ദങ്ങള്‍ക്കു കീഴ്‌പ്പെട്ടുണ്ടാക്കിയ കരാര്‍ കാലാവസ്ഥയ്ക്കു ഗുണം ചെയ്യില്ലെന്നു വിവിധ പരിസ്ഥിതി സംഘടനകള്‍.

2015 ഡിസംബറില്‍ പാരിസില്‍ ഒപ്പുവയ്ക്കുന്ന കരാര്‍ 2020ലാണു പ്രാബല്യത്തിലാകുക. 12 ദിവസത്തെ ഉച്ചകോടി കരാറിനെച്ചൊല്ലിയുള്ള ഭിന്നത പരിഹരിക്കാന്‍ രണ്ടു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. വികസിത രാജ്യങ്ങള്‍ മുന്‍കൈയെടുത്തു തയാറാക്കിയ ആദ്യ കരട് മൂന്നാം ലോക രാജ്യങ്ങളുടേതടക്കം പുരോഗതിയെ തടയുന്നതാണെന്നായിരുന്നു ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം. ആഗോള താപനം തടയുന്നതില്‍ സ്വന്തം ഉത്തരവാദിത്വം വികസിത രാജ്യങ്ങള്‍ മറക്കുകയാണെന്നും തങ്ങളുടെ ചുമലിലേക്ക് ഉത്തരവാദിത്വം മാറ്റുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

കാര്‍ബണ്‍ വാതകം പുറന്തള്ളുന്നത് കുറയ്ക്കുന്ന ഉത്തരവാദിത്വത്തില്‍ വലിയ പങ്ക് പാശ്ചാത്യരാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നാണ് വികസ്വരരാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. വികസനപ്രകിയയുടെ ഭാഗമായി സമ്പന്ന രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അന്തരീക്ഷ മലിനീകരണം തുടങ്ങിയിരുന്നു. എന്നാല്‍, ഇന്ത്യയെയും ചൈനയെയും പോലുള്ള വികസ്വര രാജ്യങ്ങള്‍ അതിവേഗ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നു എന്നാണ് സമ്പന്നരാജ്യങ്ങള്‍ ആരോപിക്കുന്നത്.

Top