കാര്‍ത്തിയുടെ പയ്യ ഹിന്ദിയിലേക്ക്; വിദ്യുത് ജംവാല്‍ നായകന്‍

തമിഴ് യുവതാരം കാര്‍ത്തിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പയ്യ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ലിങ്കുസ്വാമി തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. വിദ്യുത് ജംവാലാണ് കാര്‍ത്തിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത്. നായികയടക്കമുള്ള മറ്റ് താരങ്ങളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഹിന്ദി റീമേക്കിലേക്ക് സൂര്യ, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരെ പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് വിദ്യുത് ജംവാലിന് വീഴുകയായിരുന്നു. ലിങ്കുസ്വാമിയുടെ ആദ്യ ബോളിവുഡ് സംരംഭമാണ് ഇത്.

2010ല്‍ പുറത്തിറങ്ങിയ പയ്യ കേരളത്തിലടക്കം വന്‍ഹിറ്റായിരുന്നു. തമന്നയായിരുന്നു ചിത്രത്തിലെ നായിക. യുവന്‍ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണ്ട് അപരിചിതര്‍ ബംഗളൂരില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യാത്രക്കിടെയിലുണ്ടാകുന്ന അവിചാരിതസംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. തിരുപ്പതി ബ്രദേഴ്‌സിന്റെ ബാനറില്‍ എന്‍.സുഭാഷ് ചന്ദ്രബോസാണ് പയ്യ നിര്‍മ്മിച്ചത്.

Top