കാരാഗൃഹ വാസത്തിന് ശേഷം ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്

ചെന്നൈ: അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയ ജയലളിത വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. ചെന്നൈയില്‍ ഇന്ന് രാവിലെ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ എഐഎഡിഎംകെ നിയമസഭാ കക്ഷിനേതാവായി ജയലളിതയെ തെരഞ്ഞെടുത്തു.

യോഗത്തില്‍ ജയലളിത പങ്കെടുത്തില്ല. 150 എംഎല്‍എമാരില്‍ 144 പേരും പാര്‍ട്ടി ആസ്ഥാനത്ത് നടന്നയോഗത്തില്‍ പങ്കെടുത്തു. നടന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയിലെ അഞ്ച് വിമത എംഎല്‍എമാരും യോഗത്തിനെത്തി. നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം രാജിവച്ചു. രാവിലെ ഗവര്‍ണര്‍ കെ.റോസയ്യയെ കണ്ട് പനീര്‍ശെല്‍വം രാജിക്കത്ത് കൈമാറി.

ജയലളിതയുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന. മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലായിരിക്കും ചടങ്ങുകള്‍. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top