കാനത്തിന്റെ നിലപാട് ഇടതുപക്ഷ മുന്നണിക്ക്‌ തിരിച്ചടിയാകും; നേട്ടം കൊയ്യാന്‍ ബി.ജെ.പി

തിരുവനന്തപുരം: വളരെ വേഗം ന്യൂനപക്ഷം ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന ബി.ജെ.പിക്കും യു.ഡി.എഫിനും ആയുധമാകുന്നു.

തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സി.പി.ഐ അംഗീകരിച്ചത് വ്യാപക പ്രചരണായുധമാക്കി നേട്ടം കൊയ്യാനുള്ള നീക്കത്തിലാണ് ബി.ജെ.പി.

ഇടതുപക്ഷത്തെ അതൃപ്തരായ അണികളെയും അനുഭാവികളെയും ലക്ഷ്യമിട്ട് കാനം രാജേന്ദ്രന്റെ പ്രസ്താവന ആയുധമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാനാണ് ബി.ജെ.പി നീക്കം.

സി.പി.ഐ സെക്രട്ടറി തന്നെ സ്ഥിരീകരിച്ച സമുദായ കണക്കുകള്‍ ഭൂരിപക്ഷ സമുദായ വീടുകളില്‍ ലഘുലേഖയായി നല്‍കാനാണ് ബി.ജെ.പിയുടെ പദ്ധതി. 2001-ല്‍ നിന്ന് വ്യത്യസ്തമായി 2011-ആയപ്പോള്‍ മത ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടായതും ഭൂരിപക്ഷ സമുദായത്തിന്റെ വളര്‍ച്ച കുറഞ്ഞതുമാണ് സര്‍വ്വെ കണക്കുകള്‍ ഉദ്ധരിച്ച് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

യു.ഡി.എഫിനെ പോലെ ഇടത് മുന്നണിയും ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വാരിക്കൊടുക്കാറുണ്ടെന്ന ഗുരുതരമായ ആരോപണവും സി.പി.ഐ സെക്രട്ടറി വിവാദ പ്രസ്താവനയില്‍ നടത്തിയിരുന്നു.

ആര്‍.എസ്.എസ്-കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള അതിര്‍ വരമ്പുകള്‍ ദുര്‍ബലമായിരിക്കുന്നുവെന്ന കാനത്തിന്റെ പ്രസ്താവന സി.പി.എം -യു.ഡി.എഫ് നേതാക്കളെ മാത്രമല്ല ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

സംഘപരിവാര്‍ പോലും ആരോപിക്കാത്ത ഇക്കാര്യം ഇടത് പക്ഷത്തെ പ്രമുഖ നേതാവ് തന്നെ പറഞ്ഞത് കേരളത്തിലെ ബി.ജെ.പി മുന്നേറ്റത്തിന് വഴി ഒരുക്കുമെന്നും ഇടത് അണികള്‍ മടികൂടാതെ ബി.ജെ.പിയിലേക്ക് വരുവാന്‍ സാഹചര്യമൊരുക്കുമെന്നുമാണ് സംഘപരിവാര്‍ നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

‘ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന ഒരാള്‍ക്ക് വളരെ വേഗം നടന്ന് കയറാന്‍ കഴിയുന്ന ഒന്നായിരുന്നില്ല സംഘപരിവാര്‍ രാഷ്ട്രീയമെന്നും അതുപോലെ സംഘപരിവാര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്ന ഒരാള്‍ക്ക് വളരെ വേഗം കടന്ന് വരാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ഇടത്പക്ഷ രാഷ്ട്രീയമെന്നും’ കാനം രാജേന്ദ്രന്‍ വിവാദ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കണ്ണൂരില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍ഡന്റായിരുന്ന ഒ.കെ വാസു മാസ്റ്റര്‍ അടക്കമുള്ള ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ നേതൃസ്ഥാനത്ത് ചേക്കേറിയത് ചൂണ്ടിക്കാട്ടിയും അരുവിക്കരയില്‍ ഇടതുപക്ഷ വോട്ടുകള്‍ ബി.ജെ.പിക്ക് വന്‍തോതില്‍ ലഭിച്ചത് പരാമര്‍ശിച്ചുമായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഇടത് മത നിരപേക്ഷത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണോ എന്ന സംശയം ഉയരുന്നുണ്ടെന്നും ഭൂരിപക്ഷ സമുദായം ഇത്തരത്തില്‍ ചിന്തിച്ചാല്‍ അവരെ കുറ്റംപറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ വിവാദ പ്രസ്താവന സംസ്ഥാനത്ത് ഇടതുപക്ഷത്തെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അകറ്റാന്‍ മാത്രമെ ഉപകരിക്കൂവെന്ന നിലപാടിലാണ് സി.പി.എം. ഈ അപകടം മുന്നില്‍ കണ്ടതുകൊണ്ടാണ് കാനം രാജേന്ദ്രന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് ഉടനെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നതെന്നാണ് സൂചന.

ആര്‍.എസ്.എസ്- കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞ് വരുന്ന തരത്തില്‍ കാനം നടത്തിയ പ്രസ്താവനയും സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പാര്‍ട്ടി അണികളെ ബി.ജെ.പി പാളയത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് കാനത്തിന്റെ പ്രസ്താവനയെന്നാണ് സി.പി.എമ്മിന്റെ വിമര്‍ശനം.

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് യു.ഡി.എഫും ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി-ആര്‍.എസ്.എസ് വിഭാഗവും ഇടതുപക്ഷത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കാനത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കാനെ വഴി ഒരുക്കൂവെന്ന നിലപാടിലാണ് സി.പി.എം.

ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നില്‍ക്കുമ്പോള്‍ തന്നെ പാവപ്പെട്ട ഭൂരിപക്ഷ സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടി നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത കമ്യൂണിസ്റ്റ് ചരിത്രം സി.പി.ഐ സെക്രട്ടറി തന്നെ മറന്ന് പോവുകയാണെന്നാണ് പാര്‍ട്ടിയുടെ കുറ്റപ്പെടുത്തല്‍.

ഒരു സംവാദത്തിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ താന്‍ തുറന്ന് പറയുന്നതെന്ന് പറയുന്ന കാനത്തിന്റെ വാദവും സി.പി.എം നേതാക്കളും തള്ളിക്കളയുകയാണ്.

‘തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴല്ല ‘അടിവേര് തോണ്ടേണ്ടതെന്നാണ്’ ഒരു പ്രമുഖ സി.പി.എം നേതാവ് ഇതേകുറിച്ച് പ്രതികരിച്ചത്.

ഇടത് ഘടകകക്ഷിയാണെങ്കിലും സി.പി.ഐ സെക്രട്ടറിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞ് പരസ്യനിലപാടുമായി മുന്നോട്ട് പോകാനാണ് സി.പി.എം തീരുമാനം.

ന്യൂനപക്ഷ- ഭൂരിപക്ഷ ജനവിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ഉറപ്പിച്ച് നിര്‍ത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ച് മുന്നോട്ട് നീങ്ങാന്‍ കീഴ്ഘടകങ്ങള്‍ക്ക് സി.പി.എം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിനാണ് മേല്‍ക്കൈ എന്നതിനാല്‍ സ്വന്തം നില ‘ഭദ്ര’ മാക്കാനാണ് കാനത്തിന്റെ പ്രതികരണമെന്ന സംശയവും സി.പി.എം നേതാക്കള്‍ക്കിടയിലുണ്ട്.

അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സി.പി.ഐ സെക്രട്ടറിയുടെ പ്രസ്താവന ന്യൂനപക്ഷ വിഭാഗത്തെ യു.ഡി.എഫിന് കൂടുതല്‍ അനുകൂലമാക്കാന്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം.

ഇടതുപക്ഷത്തെ ഭൂരിപക്ഷ വര്‍ഗ്ഗീയ നിലപാടാണ് കാനത്തിന്റെ പ്രസ്താവനയിലൂടെ രംഗത്ത് വന്നതെന്ന് ചൂണ്ടിക്കാണിച്ച് പ്രചാരണം അഴിച്ച് വിടാനാണ് യു.ഡി.എഫ് തീരുമാനം. മുസ്ലീം ലീഗ് – കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് നേതൃത്വം ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ പിന്‍തുണയ്ക്കുന്ന ഭൂരിപക്ഷ വിഭാഗത്തെ പിണക്കാതെയിരിക്കാനാണ് തന്ത്രപരമായ ഈ നീക്കം.

അരുവിക്കര ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കി നിയമസഭാ തെരഞ്ഞെടുപ്പിനെ സധൈര്യം നേരിടാമെന്ന സി.പി.എം നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന്മേലുള്ള ഓര്‍ക്കാപ്പുറത്തെ പ്രഹരമാണ് കാനത്തിന്റെ പ്രസ്താവന.

യു.ഡി.എഫ്-ബി.ജെ.പി വിഭാഗങ്ങളോട് ഒരേസമയം ഒറ്റക്ക് ഏറ്റുമുട്ടേണ്ട അവസ്ഥയില്‍ മുന്നോട്ട് പോകുന്ന സി.പി.എമ്മിന് എരിതീയില്‍ എണ്ണയൊഴിച്ച സ്വന്തം പാളയത്തിലെ ഉപനായകന്റെ നടപടി ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയാണ്.

Top