കാനഡയില്‍ ട്രൂഡോ മന്ത്രിസഭയില്‍ നാല് ഇന്ത്യന്‍ വംശജര്‍ക്ക് മന്ത്രി പദവി

കാനഡ: കാനഡയില്‍ പ്രതിരോധം അടക്കം നാലു വകുപ്പുകളില്‍ ഇന്ത്യന്‍ വംശജര്‍ക്കു മന്ത്രിപദവി. ഹര്‍ജിത് സജ്ജന്‍, ബര്‍ദീഷ് ചാഗര്‍ , അമര്‍ജീത് സോഹി , നവ്ദീപ് ബെയ്ന്‍സ് എന്നിവരെയാണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞമാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 19 ഇന്ത്യന്‍ വംശജര്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിഖ് വംശജനായ ഹര്‍ജിത് സജ്ജന്‍ പ്രതിരോധം വകുപ്പ് മന്ത്രിയാകും. വന്‍കൂവെര്‍ സൗത്തില്‍ നിന്നാണു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പൊലീസ് ഉദ്യോഗസ്ഥനും കനേഡിയന്‍ സായുധസേനയിലെ ലെഫ് കേണലുമായിരുന്നു അദ്ദേഹം. 35 കാരനായ ബര്‍ദിഷ് ചാഗക്ക് ചെറുകിട വ്യവസായം, വിനോദസഞ്ചാരം. എന്നിവയുടെ ചുമതലയാണ്.

അടിസ്ഥാനസൗകര്യ വികസനവും സാമൂഹികക്ഷേമവുമാണ് 51 കാരനായ അമര്‍ജീത് സോഹിയുടെ വകുപ്പുകള്‍. ബസ് ഡ്രൈവറായിട്ടായിരുന്നു ജീവിതം തുടങ്ങിയത്. പിന്നീട് 1988ല്‍ ഖലിസ്ഥാന്‍ തീവ്രവാദക്കുറ്റം ചുമത്തി ബിഹാറില്‍ അറസ്റ്റിലായി. 1990ല്‍ ജയില്‍മോചിതനായശേഷം കാനഡയില്‍ തിരിച്ചെത്തുകയായിരുന്നു. നവ്ദീപ് ബെയ്ന്‍സ് എന്ന 38കാരനാണ് ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം. എന്നിവയുടെ ചുമതല.

Top