കാത്തിരുപ്പുകള്‍ക്ക് വിരാമം; ഹ്യുണ്ടായി ക്രീറ്റ ഇന്ത്യന്‍ വിപണിയിലെത്തി

എസ്‌യുവി പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായി ക്രീറ്റ ഇന്ത്യന്‍ വിപണിയിലെത്തി. ഡല്‍ഹി എക്‌സ്‌ഷോറൂം വില 8.59 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ, മഹീന്ദ്ര സ്‌കോര്‍പ്പിയോ, വരാനിരിക്കുന്ന മാരുതി എസ് ക്രോസ് എന്നിവയ്ക്ക് എതിരാളിയായാണ് ഈ കോംപാക്ട് എസ്‌യുവിയുടെ രംഗപ്രവേശം.

സാന്റാഫേയുടെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ക്രീറ്റയ്ക്ക് 4.27 മീറ്ററാണ് നീളം. ഏറെ ബലവത്തായതും അതേ സമയം ഭാരക്കുറവുള്ളതുമായ ബോഡിയാണ് ക്രീറ്റയുടേത്. മുന്തിയ സുരക്ഷ ഇതുറപ്പാക്കും.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. സി സെഗ്മെന്റ് സെഡാനായ വെര്‍ണയില്‍ ഉപയോഗിക്കുന്ന 1.6 ലീറ്റര്‍ പെട്രോള്‍ ,1.4 ലീറ്റര്‍ ഡീസല്‍ , 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണിവ.

പെട്രോള്‍ ഓട്ടോമാറ്റിക് , നാല് വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ക്രെറ്റയ്ക്കില്ല. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ്. 1.6 ലീറ്റര്‍ എസ്എക്‌സ് പ്ലസ് വേരിയന്റിന് മാത്രം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് ഓപ്ഷണലായുണ്ട്.

1.4 ലീറ്റര്‍ ഡീസല്‍ : എന്‍ജിന്‍ ശേഷി , 89 ബിഎച്ച്പി 220 എന്‍എം , മൈലേജ് 21.38 കിമീ / ലീറ്റര്‍.

1.6 ലീറ്റര്‍ ഡീസല്‍ : എന്‍ജിന്‍ ശേഷി 126 ബിഎച്ച്പി 260എന്‍എം , മൈലേജ് 19.67 കിമീ / ലീറ്റര്‍. ഓട്ടോമാറ്റിക് 17.01 കിമീ / ലീറ്റര്‍

1.6 ലീറ്റര്‍ പെട്രോള്‍ : എന്‍ജിന്‍ ശേഷി 121 ബിഎച്ച്പി 151 എന്‍എം , മൈലേജ് 15.29 കിമീ / ലീറ്റര്‍.

ബേസ് , എസ് , എസ് പ്ലസ് , എസ്എക്‌സ് , എസ്എക്‌സ് പ്ലസ് , എസ്എക്‌സ് ഓപ്ഷന്‍ എന്നീ ആറ് വേരിയന്റുകളില്‍ ക്രീറ്റ ലഭിക്കും.

അടിസ്ഥാന വകഭേദത്തിന് റിയര്‍ എസി വെന്റുകള്‍ , നാല് സ്പീക്കര്‍ ഓഡിയോ സിസ്റ്റം , എബിഎസ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നിവ ലഭിക്കും.

ആറ് എയര്‍ബാഗുകള്‍ , ലെതര്‍ സീറ്റ് , 17 ഇഞ്ച് അലോയ്‌സ് , ഏഴിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മുന്തിയ വകഭേദത്തിനുണ്ട്. കിലോമീറ്റര്‍ പരിധി കൂടാതെ മൂന്ന് വര്‍ഷം വാറന്റി ക്രീറ്റയുടെ സവിശേഷതയാണ്.

Top