കാണാതായ പവന്‍ ഹാന്‍സ് ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

ഗുവാഹത്തി: കഴിഞ്ഞ ആഴ്ചയില്‍ കാണാതായ പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്ററിന്റെ ഭാഗങ്ങള്‍ അരുണാചല്‍ പ്രദേശിലെ ടിരപ്പില്‍ നിന്ന് കണ്ടെത്തി. ഖോന്‍സയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഹെലിക്കോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടത്തെിയെന്നും വ്യോമസേന ഇത് സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഹെലിക്കോപ്റ്റര്‍ കണ്ടത്തെുന്നതിനായി കുറെ ദിവസങ്ങളായി സേന ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

അസമിലെ ദിബ്രുഗഡിലെ മൊഹന്‍ബരി വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പാണ് പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്റര്‍ ലിമിറ്റഡിന്റെ ഡൗഫിന്‍ വി.റ്റി.പി.എച്ച്.കെ ഹെലിക്കോപ്റ്റര്‍ കാണാതായത്. പറന്നുയര്‍ന്ന് അഞ്ചു മിനിറ്റായപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കമലേഷ് ജോഷിയും രണ്ടു പൈലറ്റുകളുമാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്.

2011ല്‍ പവന്‍ ഹാന്‍സിന്റെ തന്നെ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജി ഖണ്ടു അടക്കം നാലുപേര്‍ മരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ മറ്റൊരു അപകടത്തില്‍ 16 പേര്‍ കൂടി കൊല്ലപ്പെട്ടു. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഹെലിക്കോപ്റ്റര്‍ സര്‍വീസ് 2011വരെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2013ലാണ് പവന്‍ ഹാന്‍സ് അരുണാചല്‍ പ്രദേശില്‍ സര്‍വീസ് പുനരാരംഭിച്ചത്.

അരുണാചല്‍ പ്രദേശ്, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 15 വര്‍ഷമായി പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്ററുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മലകളാല്‍ ചുറ്റപ്പെട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ സര്‍വീസ് ഏറെ ഉപകാരപ്രദമാണ്.

Top