54 പേരുമായി കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തൊനേഷ്യയിലെ പാപുവ മേഖലയിലെ പര്‍വതപ്രദേശത്തു തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഓക്‌സിബില്ലില്‍ നിന്നു 12 കിലോമീറ്ററുകള്‍ അകലെയാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പാപുവയിലെ ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്ന് ഒക്‌സിബില്ലിലേക്ക് പോയ ട്രിഗാന എയറിന്റെ എടിആര്‍ 42 എന്ന ടര്‍ബോപ്രോപ് വിമാനമാണ് തകര്‍ന്നുവീണത്.

അന്‍പത്തിനാലു പേരുമായി യാത്ര തിരിച്ച വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം മൂന്നു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. അഞ്ചു കുട്ടികളും അഞ്ചു ജീവനക്കാരുമടക്കം 54 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ആകാശമാര്‍ഗവും നടന്നും സ്ഥലത്തേക്ക് എത്തിച്ചേരുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ദേശീയ രക്ഷാദൗത്യ ഏജന്‍സി ചീഫ് ഹെന്റി ബാംബാങ് സോലിസ്റ്റിയോ അറിയിച്ചു. പ്രദേശത്തെ ഗ്രാമീണരാണു വിമാനം പര്‍വതത്തിലിടിച്ചു തകര്‍ന്ന വിവരം അറിയിച്ചത്.

സുരക്ഷാ മാനദണ്ഡങ്ങളുടെയും മറ്റും പേരില്‍ 2007 മുതല്‍ യൂറോപ്യന്‍ യൂണിയന്റെ കരിമ്പട്ടികയിലുള്ളതാണു ട്രിഗാന എയര്‍ സര്‍വീസ്. 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രിഗാനയുടെ ചരിത്രത്തില്‍ മുന്‍പ് 14 അപകടങ്ങളുണ്ടായിട്ടുണ്ട്.

Top