കാട്ടില്‍ ആദിവാസി ഊരില്‍ നാല്‍പത് ദിവസം; തമിഴകത്തെ അമ്പരപ്പിച്ച് ഇളയ ദളപതി

ചെന്നൈ: സ്റ്റാര്‍ ഹോട്ടലുകളിലും കാരവാനിലും ഷൂട്ടിംഗ് കാലയളവ് ചെലവഴിക്കുന്ന താരങ്ങള്‍ക്ക് ഒരു വിജയ് മാതൃക.

തന്റെ പുതിയ ചിത്രമായ ‘പുലി’യുടെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് നാല്‍പ്പത് ദിവസം ഇളയ ദളപതി കാട്ടില്‍ തന്നെ തങ്ങിയത്.

ദിവസവും നഗരത്തിലെത്തി മടങ്ങുന്നത് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ താളം തെറ്റിക്കുമെന്ന് കണ്ടാണ് യൂണിറ്റ് അംഗങ്ങളെ പോലും അത്ഭുതപ്പെടുത്തിയ ഈ തീരുമാനം വിജയ് എടുത്തത്.

കാടിനോട് ചേര്‍ന്ന് കിടക്കുന്ന ആദിവാസി ഊരില്‍ ഒന്നിലാണ് വിജയ് താമസിച്ചത്. സിനിമയില്‍ നായകര്‍ ഇത്തരം ‘വേഷങ്ങള്‍’ ചെയ്യുന്നത് ചിത്രീകരിച്ചിട്ടുള്ള യൂണിറ്റിലെ മുഴുവന്‍ പേരെയും അത്ഭുതപ്പെടുത്തിയാണ് തിരശ്ശീലക്ക് പിന്നിലും വിജയ് തന്റെ എളിമ കാട്ടിയത്.

കാട്ടുവാസികള്‍ക്കിടയില്‍ പരാതിയും പരിഭവവുമില്ലാതെ അവരില്‍ ഒരാളായി 40 ദിവസം കാട്ടില്‍ കഴിഞ്ഞ വിജയ്‌യുടെ നടപടി കോളിവുഡില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

വന്‍ ആരാധക പിന്‍തുണയുള്ള വിജയിന്റെ ഈ മാതൃക സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗമായിട്ടുണ്ട്.

സൂപ്പര്‍ ഹിറ്റായ ‘കത്തിക്ക്’ ശേഷം എത്തുന്ന വിജയ് ചിത്രമാണ് പുലി. ഫാന്റസി ചിത്രമായ പുലിയില്‍ ഇരട്ട വേഷത്തിലാണ് വിജയ് അഭിനയിക്കുന്നത്. ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാര്‍. ദേവശ്രീ പ്രസാദാണ് സംഗീതം.

കേരളത്തില്‍ വിജയ് ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന തമിള്‍സ് പ്രൊഡക്ഷന്റെ ഉടമ ഷിബുവും ടി.എസ് ശെല്‍വകുമാറുമാണ് ‘പുലി’ നിര്‍മ്മിക്കുന്നത്.

Top