കാക്കിയണിഞ്ഞ് ഇനി കനിഹയെ കാണാം

ലഭിക്കുന്ന വേഷങ്ങള്‍ മനോഹരമാക്കി, വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ പ്രിയ നടി കനിഹ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലെത്തുന്നു. മജീദ് മാശേരി സംവിധാനം ചെയ്യുന്ന ഇ-ഡയറി എന്ന സിനിമയില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് കനിഹയ്ക്ക്.

സ്ത്രീ കേന്ദ്രീകൃതമായ ഈ സിനിമയില്‍ മീര നന്ദ എന്ന ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെയാണ് കനിഹ അവതരിപ്പിക്കുന്നത്. ഒരു നര്‍ത്തകിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന കനിഹയ്ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പുരുഷനായി മാറേണ്ടി വരുന്നതും തുടര്‍ന്നാണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ ചുരുളഴിക്കുക.

ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനം എന്ന സിനിമയാണ് കനിഹയുടേതായി ഉടന്‍ പുറത്തിറങ്ങുന്നത്. സുരേഷ് ഗോപി നായകനാവുന്ന ഈ സിനിമയില്‍ ഹൈമവതി എന്ന കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിക്കുക.

ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയിലാണ് സുരേഷ് ഗോപിയും കനിഹയും മുമ്പ് അഭിനയിച്ചത്.

Top