കാക്കമുട്ടൈയേയും ബാഹുബലിയേയും പിന്തള്ളി മറാത്തി ചിത്രം കോര്‍ട്ട് ഓസ്‌കാറിലേക്ക്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അംഗീകാരം നേടിയ മറാത്തി ചിത്രം കോര്‍ട്ട് ഓസ്‌കാറില്‍ മത്സരിക്കും. 28 കാരനായ ചൈതന്യാ തമാന്നേയാണ് കോര്‍ട്ടിന്റെ സംവിധായകന്‍.

രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ 18 ഓളം പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് കോര്‍ട്ട്. ബാഹുബലി, കാക്കമുട്ടൈ എന്നി ചിത്രങ്ങളെ പിന്തളളിയാണ് കോര്‍ട്ട് ഓസ്‌കാറിന് അര്‍ഹമായത്. മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയിലാണ് കോര്‍ട്ട് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കോര്‍ട്ട് നേടിയതോടെയാണ് ഇന്ത്യയില്‍ ചിത്രം ശ്രദ്ധിക്കപ്പെടുന്നത്.

ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനും, കവിയും ഗായകനുമായ നാരായണ്‍ കാംബ്ലെ എന്ന വൃദ്ധന്‍, ആത്മഹത്യ പ്രേരണ കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുംബൈ നഗരത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന വികാസ് പവാര്‍ എന്ന ഒരു ചേരി നിവാസി, നാരായണ്‍ കാംബ്ലെ അവതരിപ്പിച്ച ഒരു നാടോടി ഗാനത്താല്‍ പ്രേരിതനായി, ഭൂഗര്‍ഭ അഴുക്കുചാലില്‍ ഇറങ്ങി മരിച്ചു എന്നാണു ആരോപണം. നിയമത്തിന്റെ അര്‍ത്ഥരഹിതവും യാന്ത്രികവുമായ രീതികളെ കണക്കിന് പരിഹസിക്കുന്നുണ്ട് ചിത്രം. ഇതിനോടകം രാജ്യാന്തര തലത്തില്‍ പ്രശംസിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ചിത്രമാണ് കോര്‍ട്ട്.

Top