കശ്മീര്‍ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധനും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ പ്രധാനിയുമായ സബ് ഇന്‍സ്‌പെകര്‍ അല്‍താഫ് അഹമ്മദ് കൊല്ലപ്പെട്ടു. ഉധംപുര്‍ അക്രമണത്തിലെ മുഖ്യസൂത്രധാരനായ ലഷ്‌കര്‍ ഇ തയ്ബ ഭീകരന്‍ അബു ക്വാസിമിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അല്‍താഫ് കൊല്ലപ്പെട്ടത്.

ബന്ദിപ്പോര്‍ ജില്ലയിലെ വീട്ടില്‍ ക്വാസിം ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എത്തിയതായിരുന്ന അല്‍താഫും മറ്റ് രണ്ടു പേരും. തിരിച്ചിലിനിടെ ഒരു വാഹനത്തിന് പിന്നില്‍ മറഞ്ഞിരിക്കുകയായിരുന്ന തീവ്രവാദികള്‍ അല്‍താഫിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ സൈനിക ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തീവ്രവാദികളുടെ നെറ്റ് വര്‍ക്കുകള്‍ കണ്ടെത്തി തകര്‍ക്കുന്നതില്‍ വിദഗ്ധനായ അദ്ദേഹം സൈബര്‍ ബോയ് എന്നാണ് കശ്മീര്‍ പോലീസില്‍ അറിയപ്പെടുന്നത്.

തീവ്രവാദികളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതില്‍ വിദഗ്ധനായിരുന്ന അദ്ദേഹം നിരവധി പ്രമുഖ തീവ്രവാദി നേതാക്കളെ പിടികൂടുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.

അല്‍താഫിന്റെ മരണം ജമ്മു കശ്മീരിലെ സുരക്ഷ ഏജന്‍സികളെയും പൊലീസിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് കശ്മീര്‍ പോലീസിന് വലിയ തിരിച്ചടിയാണെന്ന് ജമ്മുകശ്മീര്‍ ഐ.ജി ജാവിദ് ഗിലാനി അറിയിച്ചു.

10 വര്‍ഷമായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ മെഡല്‍ അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തെക്കന്‍ കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ്. ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്.

Top