ആവശ്യമെങ്കില്‍ യുദ്ധത്തിനു സജ്ജമാകണമെന്ന് സൈന്യത്തിനോട് കരസേനാ മേധാവി

ന്യൂഡല്‍ഹി: പെട്ടന്നുള്ള മുന്നറിയിപ്പില്‍ പോലും യുദ്ധത്തെ നേരിടാന്‍ സജ്ജമാകണമെന്ന് സൈന്യത്തിന് കരസേന മേധാവി ദല്‍ബീര്‍ സിംഗിന്റെ നിര്‍ദ്ദേശം. ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ പാകിസ്താന്‍ പുതിയ രീതികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ ഭാഗത്തു നിന്നും തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാല്‍ അതിര്‍ത്തിയില്‍ സൈന്യം എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പാകിസ്താന്‍ പുതിയ രീതികള്‍ തേടുകയാണ്.
പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും തുടരുകയാണ്. എന്നാല്‍, സൈന്യം ജാഗ്രതയിലും പൂര്‍ണ സജ്ജവുമാണ്. ഭാവിയില്‍ യുദ്ധം അടക്കമുള്ള ഏത് നീക്കവും നേരിടാനാവുമെന്നും കരസേനാ മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

2003ലെ ഇന്ത്യ^പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഈ വര്‍ഷം മാത്രം 245 ആക്രമണങ്ങള്‍ പാക് സേന നടത്തിയിട്ടുണ്ട്. ആഗസ്റ്റില്‍ മാത്രം 55 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായി. കഴിഞ്ഞയാഴ്ച രാജ്യാന്തര അതിര്‍ത്തിയായ ആര്‍.എസ് പുരയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top