കഴിഞ്ഞ വര്‍ഷം കടുവകളുടെ കഷ്ടകാലം; രാജ്യത്ത് കൊല്ലപ്പെട്ടത് 66 കടുവകള്‍

ന്യൂഡല്‍ഹി: 2014ല്‍ രാജ്യത്ത് വിവിധ കാരണങ്ങളാല്‍ 66 കടുവകള്‍ ചത്തൊടുങ്ങിയതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി വെളിപ്പെടുത്തി. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ കൊല്ലപ്പെട്ടത്. 15 കടുവകളാണ് ഇവിടെ കൊല്ലപ്പെട്ടത്.

മദ്ധ്യപ്രദേശില്‍ 14 കടുവകളാണ് 2014ല്‍ കൊല്ലപ്പെട്ടത്. ഒരു കാലത്ത് കടുവകള്‍ തിങ്ങി നിറഞ്ഞിരുന്ന സ്ഥലമായ മദ്ധ്യപ്രദേശിലെ ബന്ധവ്ഗാര്‍ഹ് മേഖലയില്‍ മാത്രം ഏഴു കടുവകള്‍ ചത്തു. കൃഷ്ണ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നാല് കടുവകളും കൊല്ലപ്പെട്ടു.

വേട്ടയാടപ്പെടുന്നതു മൂലവും വൈദ്യുതാഘാതമേറ്റും അസുഖം മൂലവും മറ്റുമാണ് കടുവകള്‍ ചത്തത്. കുറഞ്ഞത് രണ്ട് കടുവകളെയെങ്കിലും പൊലീസ് വെടിവച്ച് കൊന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  കടുവ തോലുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ കടുവകള്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണെന്നാണ് കണക്കാക്കപ്പെടുന്നത്. വനം നശീകരണവും കടുവകളുടെ നാശത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Top