കഴിഞ്ഞ രണ്ടുവര്‍ഷത്തെ കാട്ടാനമരണങ്ങളില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാന വനമേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്വാഭാവിക മരണമെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കാട്ടാന മരണങ്ങളെല്ലാം പുനരന്വേഷിക്കാന്‍ വനം മേധാവി ഉത്തരവിട്ടു.

രണ്ടു വര്‍ഷത്തിനിടെ 72 ‘സ്വാഭാവിക’ മരണങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കാട്ടാന മരണം റിപ്പോര്‍ട്ട് ചെയ്തതു മലയാറ്റൂര്‍ ഡിവിഷനിലാണ്.
ഇവയില്‍ ഭൂരിപക്ഷവും സ്വാഭാവികമരണമെന്ന് രേഖപ്പെടുത്തിയെങ്കിലും, കുറഞ്ഞത് 25 എണ്ണമെങ്കിലും ആനവേട്ടയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസുകള്‍ വീണ്ടും അന്വേഷിക്കുന്നത്.

72 സ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ എണ്ണം കൂടുതലാണെന്നും ഉത്തരവ് പറയുന്നു. അതിനാല്‍ ആനകള്‍ വേട്ടയാടപ്പെട്ടോ എന്ന് അന്വേഷിക്കണം. കേസുകള്‍ ഒഴിവാക്കാന്‍ വനം ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ട് ജഡാവശിഷ്ടങ്ങള്‍ മാറ്റുകയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് എല്ലാ കേസുകളും വീണ്ടും അന്വേഷിക്കുന്നത്. ആനയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ അത് സ്വഭാവിക മരണമായി റിപ്പോര്‍ട്ട് ചെയ്യുകയോ ജഡം കത്തിച്ചുകളയുകയോ ആണ് പിന്‍തുടരുന്ന രീതി.

Top