കള്ളപ്പണം കേരളത്തിലും; ജാഗ്രതയോടെ കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം: സ്വിസ് ബാങ്കിലെ കോടികളുടെ കള്ളപ്പണത്തിന്റെ വിവരം പുറത്തുവന്നതോടെ കേരളത്തില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജാഗ്രതയില്‍. കണ്ണൂര്‍, കോട്ടയം സ്വദേശികള്‍ക്കും സ്വിസ് ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണിത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ കള്ളപ്പണമെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കണ്ണൂര്‍ സ്വദേശിനി ആനിയുടെ വിവരങ്ങള്‍ റവ്യൂ ഇന്റലിജന്‍സ് രഹസ്യമായി ശേഖരിച്ചതായാണ് വിവരം. കേരളത്തിലെ ചില പുതുതലമുറ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം നേരത്തെ തന്നെ കേന്ദ്ര ഇന്റലിജന്‍സ് ശേഖരിച്ചിരുന്നു.

ഇന്ത്യക്കാരായ 1195 പേരുടെ സ്വിസ് ബാങ്ക് അക്കൗണ്ടിനെക്കുറിച്ചാണ് വിവരം പുറത്തായത്. 25,420 കോടിരൂപയുടെ നിക്ഷേപമാണിവര്‍ക്കുള്ളത്. ഇതില്‍ കണ്ണുര്‍ സ്വദേശി ആനിയുടെ പേര് മാത്രമാണ് പുറത്തുവന്ന മലയാളിയുടേത്. എന്നാല്‍ കോട്ടയം സ്വദേശികളായ ചിലര്‍ക്കും അക്കൗണ്ടുള്ളതായി വിവരമുണ്ട്. ഇതോടെയാണ് കള്ളപ്പണത്തെക്കുറിച്ച് സമാന്തര അന്വേഷണത്തിന് കേന്ദ്ര സാമ്പത്തിക അന്വേഷണ ഏജന്‍സികള്‍ തയ്യാറായത്.

കേരളത്തില്‍ നേരത്തെയും വന്‍തോതില്‍ കള്ളപ്പണം ഒഴുകിയിരുന്നു. ഏതാനും വര്‍ഷംമുമ്പാണ് ഗുരുവായൂര്‍ സ്വദേശി സുരേന്ദ്രന്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് 300 കോടിരൂപയുടെ ഹവാല പണമെത്തിയത്. സുരേന്ദ്രന്‍ കേരളത്തിലെ ചില പ്രമുഖരുടെ ബിനാമിയാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് നിലച്ചു. വിദേശ ബാങ്കുകളുടേതടക്കം എല്ലാ ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കും കൂടുതല്‍ ശാഖയുള്ളത് കേരളത്തിലാണ്. ഇത്തരം ബാങ്കുകളിലേക്കാണ് കള്ളപ്പണം കൂടുതല്‍ എത്തുന്നതെന്ന് ആരോപണമുണ്ട്. ചില വ്യാജ അക്കൗണ്ടുകള്‍ ഇതിനായി ആരംഭിച്ചതിനേക്കുറിച്ചും വിവരമുണ്ട്. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയല്ലാതെ മറ്റ് അന്വേഷണങ്ങളൊന്നും കാര്യമായി നടന്നിരുന്നില്ല.

പുതിയ പശ്ചാത്തലത്തില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ വന്‍ വ്യവസായികള്‍ ഒഴിച്ചുള്ളവരുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ അന്വേഷണത്തിന് സമാന്തരമായാണ് സംശയമുള്ള മറ്റുള്ളവരുടെ സാമ്പത്തിക ഉറവിടവും അന്വേഷിക്കുന്നത്.

Top