കളിക്കളത്തിന് വിശ്രമം നല്‍കി മലാവിയിലെ കുട്ടികള്‍ക്കൊപ്പം റോജര്‍ ഫെഡറര്‍

മലാവി: വിംബിള്‍ഡണിലെ മത്സരച്ചൂട് കഴിഞ്ഞ് റോജര്‍ ഫെഡറര്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ എത്തി. വിശ്രമമോ വിനോദമോ ആയിരുന്നില്ല ഫെഡറര്‍ക്ക് ഈ യാത്ര. ദരിദ്രരാജ്യമായ മലാവിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു.

2011 മുതല്‍ മലാവിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പ്രയത്‌നത്തിലാണ് റോജര്‍ ഫെഡറര്‍ ഫൗണ്ടേഷന്‍. ഇതിനകം 81 പ്രാഥമികവിദ്യാഭ്യാസ സ്ഥാനപങ്ങള്‍ (പ്രീ സ്‌കൂള്‍) ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു.

81ാമത്തെ സ്‌കൂളിന്റെ ഉദ്ഘാടനച്ചടങ്ങിനാണ് ലോകോത്തര ടെന്നീസ് താരമായ ഫെഡറര്‍ ഇക്കുറി മലാവിയിലെത്തിയത്. തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ നാലുവര്‍ഷത്തോളമായി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ ഫെഡറര്‍ ഫൗണ്ടേഷനുണ്ട്.

എങ്കിലും ഇതാദ്യമായാണ് ഫെഡറര്‍ രാജ്യം സന്ദര്‍ശിക്കുന്നത്. ഏകദേശം 86 കോടി രൂപയാണ് ഫൗണ്ടേഷന്‍ ഇവിടെ കുട്ടികള്‍ക്കായി ചെലവഴിച്ചത്.

വര്‍ഷങ്ങളായി ജീവകാരുണ്യസാമൂഹികസേവനരംഗത്ത് സജീവമാണ് ഫെഡറര്‍ ഫൗണ്ടേഷന്‍. സുനാമി ദുരന്തം ഏറ്റുവാങ്ങിയ സ്ഥലങ്ങളിലും ഹെയ്തിയില്‍ ഭൂകമ്പമുണ്ടായപ്പോഴും ഫൗണ്ടേഷന്‍ സഹായവുമായി മുന്നിലുണ്ടായിരുന്നു. സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇന്ത്യയിലും എത്തിയിരുന്നു.

Top