കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ്: ടി.ഒ സൂരജിനെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയനാക്കും

കൊച്ചി: കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജിനെ നുണ പരിശോധന്ക്കു വിധേയനാക്കാന്‍ സിബിഐ തീരുമാനം. ഇതിനായി കേസ് വിചാരണ നടക്കുന്ന എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ വീണ്ടും അപേക്ഷ നല്‍കും. നേരത്തെ സിബിഐ സൂരജിനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സൂരജ് ഇത് നിഷേധിക്കുകയായിരുന്നു.

എന്നാല്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി കോടതി സൂരജിന്റെ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ് അദ്ദേഹം സി.ബി.ഐ ഓഫീസിലെത്തി നുണപരിശോധനയ്ക്കുള്ള സന്നദ്ധത അറിയിച്ചത്.

അതേസമയം അറസ്റ്റ് ഒഴിവാക്കാനോ വൈകിക്കാനോ ഉള്ള സുരജിന്റെ ശ്രമമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സൂരജ് ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു കൈക്കൊണ്ട നടപടി ക്രമം വിട്ടതാണെന്നു കാണിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ സിബിഐ നടത്തി വരികയായിരുന്നു.

കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധിപറയും. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസില്‍ സ്‌പെഷല്‍ വില്ലേജ് ഓഫീസറായിരുന്ന ഇ. മുറാദ്, ഇവിടെ വില്ലേജ് ഓഫീസറായിരുന്ന കെ.എസ്. സാബു, എറണാകുളം കളക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ വിഭാഗം യുഡി ക്ലാര്‍ക്കായിരുന്ന ഇ.സി. ഗീവര്‍ഗീസ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദം കേട്ടു.

Top