കളക്ടര്‍ ഡിഐജി വേഷം ധരിച്ചതില്‍ പൊലീസ് സേനയ്ക്കുളളില്‍ പ്രതിഷേധം

കൊച്ചി: സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ നിശാന്തിനിയുടെ ഭര്‍ത്താവും എറണാകുളം ജില്ലാ കളക്ടറുമായ എം.ജി രാജമാണിക്യം പുതുവര്‍ഷത്തോടനുബന്ധിച്ച് പരസ്യമായി ഡിഐജി വേഷം ധരിച്ച് പ്രത്യക്ഷനായതില്‍ പൊലീസ് സേനക്കുള്ളില്‍ പ്രതിഷേധം. മോഹ വേഷത്തിലെ കളക്ടറുടെ ചിത്രം പുറത്ത് വിട്ടത് പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആണ്.

ഒരു തമിഴ് വീട്ടമ്മയെന്ന തന്റെ മോഹ സാക്ഷാത്കാരത്തിനായി വീട്ടമ്മയുടെ റോളില്‍ രാജമാണിക്യത്തിന്റെ പൊലീസ് വേഷത്തോടൊപ്പം ഭാര്യ നിശാന്തിനിയുമുണ്ടായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഐഎഎസ് ഐപിഎസ് ദമ്പതികള്‍ സ്വന്തം പദവി മറന്ന് പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം നാടകങ്ങള്‍ കളിക്കരുതെന്ന വികാരമാണ് സേനക്കുള്ളിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും ഉയര്‍ന്നിട്ടുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറ്റി പൊലീസിന്റെ ഒരു പരിപാടിക്ക് പൊലീസ് വേഷത്തിലെത്തിയ നടന്‍ സുരേഷ്‌ഗോപിയെ അസി. കമ്മീഷണര്‍ സല്യൂട്ട് ചെയ്ത് സ്വീകരിച്ചതും ഏറെ വിവാദമായിരുന്നു. നടന്‍ സുരേഷ് ഗോപി സാധാരണ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പോരുന്ന ഐപിഎസ് ഓഫീസറുടെ വേഷം പൊലീസ് സേനക്ക് അഭിമാനമായിട്ടും അന്ന് പ്രതിഷേധമുയര്‍ന്നത് സേനയുടെ ചട്ടവും നിയമവും മുന്‍ നിര്‍ത്തിയായിരുന്നു.

സുരേഷ് ഗോപി മാതൃകയില്‍ സിറ്റിയില്‍ മിന്നല്‍’പിണരായി ‘പ്രവര്‍ത്തിക്കുന്ന കളക്ടര്‍ രാജമാണിക്യത്തിന്റെ കുട്ടിക്കാലംമുതലുള്ള മോഹം ഐപിഎസ് ഓഫീസറാവുക എന്നായിരുന്നുവെങ്കിലും ജീവിത സാഹചര്യം അദ്ദേഹത്തെ ഐഎഎസ് ചട്ടക്കൂട്ടില്‍ ഒതുക്കുകയായിരുന്നു. പൊലീസ് യൂണിഫോമിനോടുള്ള രാജമാണിക്യത്തിന്റെ പ്രണയം ഐപിഎസുകാരിയായ നിശാന്തിനിയെ ജീവിതസഖിയാക്കുന്നതിലാണ് വഴിയൊരുക്കിയത്. നേരത്തെ ഇടുക്കി കളക്ടര്‍ ആയിരുന്നപ്പോഴും കൂട്ടിന് തൊട്ടടുത്ത് തൊടുപുഴയില്‍ എഎസ്പിയായി നിശാന്തിനിയുമുണ്ടായിരുന്നു.

ഇവരുടെ സൗകര്യം കൂടി പരിഗണിച്ചാണ് രണ്ട് പേര്‍ക്കും എറണാകുളത്തിന്റെ തന്ത്ര പ്രധാനമായ ചുമതല സര്‍ക്കാര്‍ നല്‍കിയത്. പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമെല്ലാം കൊള്ളാമെങ്കിലും പൊലീസ് യൂണിഫോം തൊട്ട് കളക്ടര്‍ കളിക്കേണ്ടെന്നാണ് പൊലീസ് സേനക്കുള്ളില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വികാരം.

Top