കല്‍രക്കരിപ്പാടം; മന്‍മോഹന്‍ സിംഗിനെതിരായ സമന്‍സിന് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിചേര്‍ത്ത നടപടിക്ക് സുപ്രീംകോടതി സ്‌റ്റേ. ഏപ്രില്‍ എട്ടിന് മന്‍മോഹന്‍ സിംഗ് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണിപ്പോള്‍ മന്‍മോഹന്‍ സിംഗ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസില്‍ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഭരണപരമായ നടപടിക്രമം ഒരിക്കലും നിയമലംഘനമാവില്ലെന്നും സിബിഐ കോടതിയുടെ നടപടിയില്‍ നിരവധി പാകപ്പിഴകളുണ്ടെന്നും മന്‍മോഹന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബലാണു മന്‍മോഹന്‍സിംഗിനായി ഹാജരായത്.

2009ല്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കെ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്തു കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്നായിരുന്നു കേസ്. ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണു സിബിഐ അന്വേഷണം ആരംഭിച്ചത്.

Top