കല്‍ബുര്‍ഗി വധം: ശ്രീരാമസേന മുന്‍നേതാവ് അറസ്റ്റില്‍

ബെംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീരാമസേന മുന്‍നേതാവ് പ്രസാദ് അതവാര്‍ പൊലീസ് പിടിയിലായി. അതേസമയം, സംഭവത്തില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേരുടെ രേഖാ ചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. രേഖാചിത്രത്തില്‍ ഉള്ള ആളെയല്ല ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയതെന്നു സംശയിക്കുന്ന രണ്ട് അക്രമികളുടെ രേഖാ ചിത്രമാണ് ധാര്‍വാഡ് പൊലീസ് പുറത്തുവിട്ടത്. ബൈക്കില്‍ കല്‍ബുര്‍ഗിയുടെ വീട്ടിലെത്തിയവരാണ് ഇരുവരും.

കല്‍ബുര്‍ഗിയുടെ കൊലപാതകം സിബിഐക്ക് വിട്ടുകൊണ്ട് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2009 ല്‍ മാംഗളുരുവില്‍ പബ് അക്രമിച്ചകേസിലും കസ്റ്റഡിയിലുള്ള നേതാവ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തെ ന്യായീകരിച്ച് ട്വിറ്റ് ചെയ്ത യുവാവിനെയും പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ 8.40നാണ് കല്യാണ്‍ നഗറിലെ വീട്ടില്‍വെച്ച് രണ്ട് അക്രമികള്‍ കല്‍ബുര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.
വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു. അതിനെത്തുടര്‍ന്ന് ചില തീവ്രഹിന്ദുസംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു.

Top