കല്‍ക്കരിപ്പാടം അഴിമതി മന്‍മോഹന്‍സിങ്ങിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് പ്രത്യേക കോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് പ്രത്യേക സി.ബി.ഐ. കോടതി . മന്‍മോഹനെ വിളിച്ചുവരുത്തി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

വിചാരണ കോടതിയില്‍ തന്നെ വിളിച്ചുവരുത്തുന്നതിനെതിരെ മന്‍മോഹന്‍ സിങ് നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഈ ഹര്‍ജി കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക ബഞ്ചിന് കൈമാറുകയാണ് ഉണ്ടായത്. ഈ ബഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് മന്‍മോഹന്‍ സിങ്ങിന് ആശ്വാസം നല്‍കിക്കൊണ്ട് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ഭരത് പരാശറിന്റെ ഉത്തരവ് വന്നിരിക്കുന്നത്.

മന്‍മോഹന്‍സിങ്ങിനെ വിളിച്ചുവരുത്തണമെന്ന് മധു കോഡയുടെ ആവശ്യത്തെ സി.ബി.ഐ.യും എതിര്‍ത്തിരുന്നു. നവീന്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന് കല്‍ക്കരിപ്പാടങ്ങള്‍ വഴിവിട്ട് അനുവദിച്ചതുമായി ഉണ്ടായ അഴിമതിയില്‍ പ്രഥമദൃഷ്ട്യാ മന്‍മോഹന്‍സിങ്ങിനെതിരെ യാതൊരു തെളിവുമില്ലെന്നാണ് സി.ബി.ഐ. കോടതിയെ അറിയിച്ചത്. എന്നാല്‍, ലേലം നടക്കുമ്പോള്‍ കല്‍ക്കരി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍സിങ്ങിനെ കേസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനുള്ള ശ്രമമാണ് സി.ബി.ഐ. നടത്തുന്നതെന്ന് മധു കോഡയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ജാര്‍ഖണ്ഡിലെ അമര്‍കൊണ്ട മുര്‍ഗാദാങ്കല്‍ കല്‍ക്കരിപ്പാടം ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ഗഗന്‍ സ്‌പോഞ്ച് അയേണ്‍ ലിമിറ്റഡ് എന്നിവയ്ക്ക് നല്‍കിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. ഈ കേസില്‍ മന്‍മോഹന്‍സിങ്ങിന് പുറമെ അന്നത്തെ കല്‍ക്കരി വകുപ്പ് സെക്രട്ടറി ആനന്ദ് സ്വരൂപ്, മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് സെക്രട്ടറി ജയ് ശങ്കര്‍ തിവാരി എന്നിവരെയും വിളിച്ചുവരുത്തണമെന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ മധു കോഡ കോടതിയില്‍ ആവശ്യപ്പെട്ടത്.

മധു കോഡയും മുന്‍മന്ത്രി ദാസരി നാരായണ്‍ റാവുവിനും വ്യവസായ നവീന്‍ ജിന്‍ഡാലും മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി. ഗുപ്തയും അഞ്ച് കമ്പനികള്‍ ഉള്‍പ്പടെ പതിനൊന്ന് പേരെ പ്രതികളാക്കിയാണ് സി.ബി.ഐ. കുറ്റപത്രം നല്‍കിയത്.

Top