കലിക്കറ്റ് യൂണിവേഴ്‌സിറ്റി: വിദ്യര്‍ഥി സമരത്തിന്റെ ഭാവം മാറുന്നു

കോഴിക്കോട്: ഒരിടവേളക്ക് ശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റി വീണ്ടും സംഘര്‍ഷത്തിലേക്ക്. ഹോസ്റ്റല്‍ പ്രശ്‌നത്തില്‍ എസ്എഫ്‌ഐ തേൃത്വത്തില്‍ വിദ്യര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം 110 ദിവസം പിന്നിട്ടിട്ടും പരിഹാരമാകാത്തതിനാല്‍ ക്യാമ്പസ് വളയാന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും തീരുമാനിച്ചതോടെയാണ് സര്‍വകലാശാല സംഘര്‍ഷഭൂമിയാകുന്നത്. അടുത്ത 12നാണ് ഉപരോധ സമരം. സമാധാനപരമായ സമരത്തെ അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്ന് വന്നതോടെയാണ് കടുത്ത നിലപാടിലേക്ക് വിദ്യര്‍ഥികളും യുവാക്കളും മാറുന്നത്.

സര്‍വകലാശാലയിലെ മെന്‍സ് ഹോസ്റ്റലില്‍ സ്വാശ്രയ കായിക പഠനവകുപ്പിലെ വിദ്യര്‍ഥികളെ താമസിപ്പിച്ചതിനെതിരെയാണ് ക്യാമ്പസിലെ വിവിധ ഡിപാര്‍ട്‌മെന്റുകളിലെ റഗുലര്‍ വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചത്. സ്വാശ്രയ വിദ്യര്‍ഥികളെ സഹായിച്ച് എംഎസ്എഫും കെഎസ്‌യുവും രംഗത്ത് വന്നതോടെ പ്രശ്‌നപരിഹാരം നീണ്ടു. വൈസ്ചാന്‍സലറും കായികവിഭാഗം മേധാവിയും അവരുടെ പക്ഷത്ത് അണിനിരന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍വരെ ചര്‍ച്ചനടന്നെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സമരക്കാരെ പിന്‍തുണച്ച് ക്യാമ്പസിലെത്തിയിരുന്നു. അഞ്ച് ജില്ലകളിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഉപവാസ സമരവും നടത്തി. എന്നാല്‍ വിസി അടക്കമുള്ളവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇതോടെയാണ് സമരം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്നത്.

സമരത്തിന്റെ ഭാഗമായി മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും രണ്ട് ജാഥകള്‍ ക്യാമ്പസിലേക്ക് പ്രയാണമാരംഭിക്കും. ഇവ സംഗമിച്ചാകും സര്‍വകലാശാല ഉപരോധിക്കുക.

Top