കരുത്തിനൊത്ത് അടിക്കണം;ഡോവലിന്റെ വാക്കില്‍ മറഞ്ഞിരിക്കുന്നത് യുദ്ധ വിളംബരം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സമാധാനം എന്ന നിലപാട് മാറ്റി ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.

അതിര്‍ത്തിയിലെ വെടിവെപ്പുകള്‍ക്കും പഞ്ചാബിലും കാശ്മീരിലും ഉണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്കും സൈനിക നീക്കത്തിലൂടെ തിരിച്ചടി നല്‍കണമെന്ന നിലപാടാണ് ശക്തിയാര്‍ജ്ജിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്ഥനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാര്‍ ഡോവലിന്റെ പ്രസംഗം ഈ നയം മാറ്റമാണ് സൂചിപ്പിക്കുന്നത്.

അടിക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന ഡോവലിന്റെ പ്രസംഗം ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്.

സ്വന്തം കരുത്തിന്റെ അളവിനു ചേരാത്തത്ര കുറഞ്ഞ ശക്തിയിലുള്ള അടിയാണ് ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ഈ നയം മാറണമെന്നുമായിരുന്നു ഡോവലിന്റെ വാക്കുകള്‍. രാജ്യത്തിന്റെ പ്രതിരോധ തന്ത്രങ്ങളിലും പ്രത്യാക്രമണ നിലപാടുകളിലും കാര്യമായ വ്യതിയാനം വരുന്നതിന്റെ സൂചനയായി ഈ പ്രസംഗം വിലയിരുത്തപ്പെടുന്നു.

കരുത്തിന് ആനുപാതികമായ ശക്തിയില്‍ത്തന്നെ അടിക്കണം. അതിന് ആദ്യമായി നിലവിലുള്ള മാനസികാവസ്ഥ മാറണം. നമുക്കുള്ള കരുത്തിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതില്ല, കുറയേണ്ടതുമില്ല. മുംബൈയില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രസംഗിക്കവെ ഡോവല്‍ പറഞ്ഞു.

നിങ്ങള്‍ ശക്തി പ്രയോഗിക്കുന്നില്ലെങ്കില്‍ അത് ഇല്ലാത്തതിന് തുല്യമാണ്. പോക്കറ്റില്‍ അരലക്ഷം രൂപയുള്ളപ്പോഴും വിശപ്പുകൊണ്ട് മരിക്കുന്നതിനു സമാനമാണത്. ആരുടെയും പേരെടുത്തുപറയാതെ ഡോവല്‍ നയം വ്യക്തമാക്കി.

കഴിഞ്ഞമാസം 15ന് വിദേശകാര്യ മന്ത്രാലയത്തെ മറികടന്ന് പാക്കിസ്ഥാന്‍ ഹൈകമ്മീഷണറെ താന്‍ നേരിട്ടു ഫോണില്‍ വിളിച്ചതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

അടിക്കടി ഇന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്തിയിട്ടും പാക്കിസ്ഥാനെതിരെ സൈനിക നീക്കത്തിലൂടെ ശക്തമായ മറുപടി നല്‍കണമെന്ന അഭിപ്രായമാണ് ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ മേധാവികള്‍ പ്രധാനമന്ത്രിയോട് പങ്കുവെച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ചേരന്‍പോലും കഴിയാത്ത ബി.ജെ.പിക്ക് പാക്കിസ്ഥാനെതിരായ സൈനികനീക്കം ജനപിന്‍തുണ വര്‍ധിപ്പിക്കാനും സഹായിക്കും. പാക്കിസ്ഥാന് തിരിച്ചടി നല്‍കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനുമുള്ളത്.

പക്കിസ്ഥാനെതിരെ സൈനിക നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് അടക്കമുള്ള മുഴുവന്‍ പ്രതിപക്ഷ കക്ഷികള്‍ക്കും ദേശീയ താല്‍പര്യം ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെ പിന്‍തുണക്കേണ്ടിയും വരും.

പാക്കിസ്ഥാനെതിരായ സൈനിക നീക്കത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ പിന്‍തുണ ലഭിക്കുമ്പോള്‍ പാക്കിസ്ഥാനെ ചൈന സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Top