കരിമണല്‍ ഖനനം: സ്വകാര്യമേഖലയ്ക്കും പങ്കാളിയാകാം

കൊച്ചി: കരിമണല്‍ ഖനനത്തില്‍ സ്വകാര്യമേഖലയേയും പരിഗണിക്കണമെന്ന് ഹൈക്കോടതി. 2013ലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. കരിമണല്‍ ഘനനത്തില്‍ സ്വകാര്യ സംയുക്തമേഖലകളെക്കൂടി പങ്കാളികളാക്കാന്‍ അനുമതി നല്‍കണമെന്ന 2013ലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

29 അപേക്ഷകള്‍ പരിഗണിക്കാന്‍ ഉത്തരവിട്ട കോടതി വൈകിവന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ കെഎംഎംഎല്‍, ഐആര്‍ഇ എന്നീ കമ്പനികള്‍ക്കാണ് ഖനനത്തിനുള്ള അനുമതിയുള്ളത്. സിംഗിള്‍ ബഞ്ച് വിധി വന്ന് ഒന്നരവര്‍ഷത്തിന് ശേഷം സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ കാലതാമസം മാത്രം പരിഗണിച്ച് തള്ളാമെങ്കിലും അപേക്ഷയിലെ വസ്തുതകളും സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ സാധുതയുമെല്ലാം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി.

ഖനനം കേന്ദ്രവിഷയമാണ്. കരിമണല്‍ ഖനനത്തില്‍ നിന്ന് സ്വകാര്യമേഖലയെ മാറ്റിനിര്‍ത്താന്‍ അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. സ്വകാര്യ സംയുക്തമേഖലകളില്‍ ഖനനത്തിന് അനുമതി തേടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഗണിക്കണം. 2013ലെ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഇതായിരുന്നു.

ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, സാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.

Top