കരിപ്പൂര്‍ സംഘര്‍ഷം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താളത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ജവാന്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റാന്‍ നടപടി ആരംഭിച്ചു. കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലും നേരിട്ട് ബന്ധമുള്ളവര്‍ക്കെതിരെയാകും നടപടി. ബുധനാഴ്ച രാത്രി നടന്ന വ്യാപക അക്രമത്തില്‍ അന്‍പതോളം പേര്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തവുമാണ്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സി.ഐ.എസ്.എഫ് ഭടന്‍മാര്‍ വിവിധ കേസുകളില്‍ പ്രതികളാകും. ഇവര്‍ക്കെതിരെയുള്ള ആദ്യനടപടിയായാണ് സ്ഥലംമാറ്റം.

കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവര്‍ക്ക് കേസിന്റെ തുടര്‍ നടപടിയും വിചാരണയും നേരിടേണ്ടിവരും. പൊലീസ് ആവശ്യപ്പെടുകയാണെങ്കില്‍ കൊലക്കേസ് പ്രതികളെ സ്ഥലം മാറ്റേണ്ടതില്ലായെന്നും തീരുമാനിച്ചിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി കരിപ്പൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റം നല്‍കാനാണ് തീരുമാനം.

വിമാനത്താവളത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. കൊലപാതകത്തിന്റെ ഭാഗമായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്ന കാര്യവും തീരുമാനിക്കും. ഇന്നലെ അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വ്യോമയാന ജോയിന്റ് സെക്രട്ടറി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിച്ചശേഷം വ്യോമയാന ജോയന്റ് സെക്രട്ടറി ജി. അശോക് കുമാര്‍ ഇന്നലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയിരുന്നു. സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നുമാണ് അശോക് കുമാറിന്റെ പ്രതികരണം.

വ്യോമയാന മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുഖേന േകന്ദ്ര വ്യോമയാന മന്ത്രിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Top