കരിപ്പൂര്‍ സംഘര്‍ഷം: ജവാന്റെ മരണം അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ മരിക്കാനിടയായ സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി അന്വേഷിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് ഒത്തു തീര്‍പ്പെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേരളാ പൊലീസ് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കുറിച്ച് ഡിജിപി സെന്‍കുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സ്ഥലത്ത് മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റ,തൃശൂര്‍ ഐ.ജി സുരേഷ് പുരോഹിത് എന്നിവര്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഐ.പി.സി 302 പ്രകാരം കേസെടുത്തിട്ടുണ്ട്. വെടിയേറ്റ് മരിച്ച എസ്.എസ് യാദവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. മൃതദേഹം വിമാനത്താവളത്തില്‍ കൊണ്ടുവരുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top