സ്വര്‍ണ്ണ കള്ളകടത്ത് സംഘങ്ങള്‍ രംഗത്ത് ; സിഐഎസ്എഫിനെ തെറുപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം വെടിവെപ്പില്‍ സി.ഐ.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമാനത്താവള ജീവനക്കാരെ രക്ഷിക്കാന്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ രംഗത്തെത്തി.

സി.ഐ.എസ്.എഫിനെ സുരക്ഷാ ചുമതലയില്‍ നിന്നും നീക്കി പകരം പോലീസിനെ ചുമതല ഏല്‍പ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിമാനത്താവളത്തിനുള്ളില്‍ സി.ഐ.എസ്.എഫ് ജവാന്‍മാരുടെ അക്രമങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ മാത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അതേസമയം ഫയര്‍ഫോഴ്‌സ് ജീവിനക്കാരുടെ അതിക്രമങ്ങളുടെയും വെടിവെപ്പിന്റെയും ദൃശ്യങ്ങള്‍ നല്‍കിയതുമില്ല.

ഒപ്പമുണ്ടായിരുന്ന ജവാന്‍ വെടിയേറ്റ് മരിച്ചതിലുണ്ടായ പ്രതികരണമായിരുന്നു സി.ഐ.എസ്.എഫിന്റേത്. കമാന്‍ഡറും മറ്റും ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിമാനത്താവള ജീവനക്കാര്‍ റണ്‍വേയില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ നിര്‍ത്തി വിമാനങ്ങള്‍ ഇറങ്ങുന്നത് തടയുകയായിരുന്നു. മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളാണ് ഇതുകാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനാവാതെ നെടുമ്പാശേരിയിലേക്കു പോയത്.

അടുത്തിടെ വരെ സ്വര്‍ണ്ണക്കടത്തുകാരുടെ താവളമായിരുന്നു കരിപ്പൂര്‍ വിമാനത്താവളം. വിമാനത്താവള ജീവനക്കാരും എയര്‍ഹോസ്റ്റസ്മാര്‍ വഴിയും വരെ കോടികളുടെ സ്വര്‍ണം കടത്തിയിരുന്നു. സ്വര്‍ണക്കടത്തുകാരനായ ഫയാസിന്റെ അറസ്റ്റോടെയാണ് ജീവനക്കാരുടെ ഒത്താശയോടെ നടത്തിയ കോടികളുടെ സ്വര്‍ണ്ണക്കടത്തിന്റെ കഥ പുറംലോകം അറിഞ്ഞത്.

സി.ബി.ഐയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.ഐ.എസ്.എഫ് സുരക്ഷാ പരിശോധന കര്‍ക്കശമാക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ക്ക് സ്വര്‍ണക്കടത്തിന് പഴുതില്ലാതായി. ഈ അസ്വാരസ്യം പലപ്പോഴും വിമാനത്താവളത്തില്‍ കശപിശക്കിടയാക്കിയിരുന്നു.

ഇപ്പോഴത്തെ സംഘര്‍ത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ.എസ്.എഫിനെതിരെ ഗൂഢാലോചന നടത്തി മുഴുവന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കാനാണ് ഗൂഢ നീക്കം. സംസ്ഥാന സര്‍ക്കാറില്‍ സ്വാധീമുള്ള ഈ സംഘം നിലവില്‍ പൊലീസ് അന്വേഷണത്തില്‍ കൈകടത്തുമോ എന്ന ആശങ്കയും പരക്കെയുണ്ട്. സി.ഐ.എസ്.എഫിന്റെ സുരക്ഷ ചുമതലയിലാണ് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ എങ്കിലും കരിപ്പൂരിലെ ‘പ്രത്യേക സാഹചര്യം’ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസിന് സുരക്ഷാ ചുമതല കൈമാറണമെന്ന ആവശ്യമുയര്‍ത്താനാണ് ഒരു വിഭാഗത്തിന്റെ നീക്കം. കരിപ്പൂരിലെ വെടിവയ്പ്പും സംഘര്‍ഷങ്ങളുമാണ് അതിനവര്‍ ആയുധമാക്കുന്നത്.

കഴിഞ്ഞദിവസം രാത്രി 9.40ഓടെ സബ് ഇന്‍സ്‌പെക്ടറായ എസ്.ആര്‍. ചൗധരിയും ഒരു കോണ്‍സ്റ്റബിളും പരിശോധന നടത്തുമ്പോള്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥന്‍ തയ്യാറാവാത്തതാണ് വാക്കു തര്‍ക്കത്തിലും വെടിവെപ്പിലും കലാശിച്ചത്.

ഡ്യൂട്ടി മാറുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പോലും ദേഹപരിശോധനയ്ക്ക് വിധേയരാകാറുണ്ട്.

Top