കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍-ഹൈദരലി തങ്ങള്‍ കൂടിക്കാഴ്ച ഐ.ബി അന്വേഷിക്കുന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്പ്പില്‍ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വിമാനത്താവള ഡയറക്ടര്‍ ജനാര്‍ദ്ദനന്‍ പാണക്കാട്ട് എത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് ഐ.ബി അന്വേഷിക്കുന്നു.

വെടിവയ്പ്പില്‍ വിമാനത്താവള അഥോറിറ്റി ജീവനക്കാരെയും പ്രതികളാക്കി കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

വിമാനത്താവള ഡയറക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവിനെ വീട്ടിലെത്തി സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് തങ്ങളുടെ സഹായം തേടിയാണ് എത്തിയതെന്നാണ് ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ സ്ഥലമേറ്റെടുത്ത് കൈമാറേണ്ടത് ജില്ലാ കളക്ടറുടെ ചുമതലയാണ്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ വിമാനത്താവള ഡയറക്ടറെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല.

വിമാനത്താവള വെടിവയ്പ്പില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിഐഎസ്എഫുകാരാണ് ആക്രമണകാരികളെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് പ്രതികരിച്ചത് നേരത്തെ വിവാദമായിരുന്നു.

വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നതിനിടെ ലീഗ് നേതൃത്വം സിഐഎസ്എഫിനെതിരെ രംഗത്തു വന്നതില്‍ ദുരൂഹതയുണ്ടായിരുന്നു. വെടിവയ്പ്പ് നടന്നതിനു പിന്നാലെ വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ സൂക്ഷിച്ച സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ചേര്‍ത്തി നല്‍കിയിരുന്നു.

ഇതില്‍ വിമാനത്താവള അഥോറിറ്റിയുടെ പങ്ക് ചൂണ്ടികാട്ടിയാണ് സംസ്ഥാന പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മലപ്പുറത്തെ ഒരു ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് സി.ഡി ചോര്‍ത്തി നല്‍കിയതെന്നും സൂചന ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ഐ.ബിയും അന്വേഷിക്കുന്നുണ്ട്.

വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള സുരക്ഷാ ചുമതലയില്‍ നിന്നും സിഐഎസ്എഫിനെ മാറ്റി പകരം സംസ്ഥാന പോലീസിനെ നിയോഗിക്കാനുള്ള നീക്കം സ്വര്‍ണക്കടത്തു മാഫിയയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമാണ് സിഐഎസ്എഫിനെതിരായ സിസിടിവി ദൃശ്യങ്ങള്‍ മാത്രം ചോര്‍ത്തി നല്‍കി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

വിമാനത്താവള സുരക്ഷാ ചുമതലയില്‍ നിന്നും സിഐഎസ്എഫിനെ മാറ്റണമെന്ന് വിമാനത്താവള അഥോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും തള്ളിക്കളയുകയാണ് ചെയ്തത്.

അന്വേഷണം വിമാനത്താവള അഥോറിറ്റി ജീവനക്കാരിലേക്ക് നീണ്ട സാഹചര്യത്തിലാണ് വിമാനത്താവള ഡയറക്ടര്‍ മുസ്ലീം ലീഗ് അധ്യക്ഷനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടത്.

നിലവില്‍ വിമാനത്താവളത്തിലെ വെടിവയ്പ്പ് കേസ് അന്വേഷിക്കുന്നത് കൊണ്ടോട്ടി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസാണ്. മുസ്ലീം ലീഗ് നേതൃത്വം നല്‍കിയ ‘പട്ടിക’യ്ക്ക് അനുസരിച്ചാണ് മലപ്പുറത്തെയും മറ്റും പൊലീസ് ഉദ്യോഗസ്ഥ നിയമനങ്ങളെന്നതും ശ്രദ്ധേയമാണ്.

വിമാനത്താവള ഡയറക്ടറുടെ വിവാദ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതിലെ വിവരങ്ങളും ഐ.ബി ശേഖരിച്ചിട്ടുണ്ട്.

Top