പ്രതികളായ ജവാന്‍മാര്‍ സഹകരിച്ചില്ലെങ്കില്‍ കമാണ്ടന്റിനെ പ്രതിയാക്കാന്‍ തീരുമാനമായി

മലപ്പുറം: കരിപ്പൂര്‍ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ജവാന്‍മാരെ ഹാജരാക്കിയില്ലെങ്കില്‍ കമാണ്ടന്റിനെ പ്രതിയാക്കും.സിഐഎസ്എഫ് ജവാന്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.

നിലവില്‍ ജവാന്റെ മരണവുമായി ബന്ധപ്പെട്ടും മറ്റും 15 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പുറമേ 25 സിഐഎസ്എഫ് ജവാന്‍മാര്‍ക്കെതിരെയും കേസെടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചിതിനാണ് കേസ്.

28,000 രൂപ വിലവരുന്ന 44 വിദേശനിര്‍മ്മിത ലൈറ്റുകള്‍, ഫയര്‍ഫോഴ്‌സിന്റെ 5 കോടി വീതം വിലമതിക്കുന്ന രണ്ട് ആധുനിക വാഹനങ്ങള്‍, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രണ്ട് ജീപ്പ്, ഒരു സ്‌കൂള്‍ വാന്‍ എന്നിവയാണ് സിഐഎസ്എഫ് ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ സിഐഎസ്എഫ് ജവന്‍മാര്‍ അറസ്റ്റിലാകാതിരിക്കാന്‍ സ്ഥലമാറ്റത്തിന്റെ മറവില്‍ അധികൃതര്‍ ശ്രമം നടത്തിയാല്‍ സിഐഎസ്എഫ് കമാണ്ടന്റിനെ പ്രതിയാക്കുമെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സിഐഎസ്എഫ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ആക്രമണ സംഭവവുമായി ബന്ധപ്പട്ട് 100 സിഐഎസ്എഫ് ജവന്‍മാരെ ബംഗലൂരു എയര്‍പോര്‍ട്ടിലേക്ക് ഇതിനകം തന്നെ സ്ഥലം മാറ്റിയിട്ടുണ്ട്. ഈ ജവാന്‍മാര്‍ അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തില്‍ എത്തിയില്ലെങ്കില്‍ കമാണ്ടന്റിനെ പ്രതിയാക്കി തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.

ഇത് കേന്ദ്ര സേനയായ സിഐഎസ്എഫും കേരള പൊലീസും തമ്മിലുള്ള ‘ഏറ്റമുട്ടലിന്’ ഇടയാക്കുമെന്ന് ആശങ്കയും പരക്കെയുണ്ട്.

കേന്ദ്ര ആഭ്യന്തര വകുപ്പും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ ഉടനെ തന്നെ ആശയവിനിമയം നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

തൃശ്ശൂര്‍ റേഞ്ച് ഐജി സുരേഷ്‌രാജ് പുരോഹിതിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം എസ്പി ബഹ്‌റ, ഡിവൈഎസ്പി അഭിലാഷ്, ക്രൈം ഡിറ്റാച്ചമെന്റ് ഡിവൈഎസ്പി ഷറഫുദീന്‍ എന്നിവരാണ് പൊലീസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.

Top