കരാറുകാര്‍ക്ക് അഛാദിന്‍; 400 റെയില്‍വെ സ്റ്റേഷനുകള്‍ പാട്ടത്തിന്

ന്യൂഡല്‍ഹി: സധാരണക്കാര്‍ക്ക് അഛാദിന്‍ വരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ ഷൊര്‍ണൂര്‍ ഉള്‍പ്പെടെ 400 റെയില്‍വെസ്റ്റേഷനുകള്‍ സ്വകാര്യ കരാറുകാര്‍ക്ക് പാട്ടത്തിനു നല്‍കുന്നു.

നവീകരണ പദ്ധതി നടപ്പാക്കുന്നതിനായി സ്‌റ്റേഷനോടു ചേര്‍ന്ന് റെയില്‍വേക്ക് സ്വന്തമായുള്ള ഭൂമി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ വിട്ടുകൊടുക്കുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

പ്രമുഖ നഗരങ്ങളിലെ എവണ്‍, എ വിഭാഗങ്ങളില്‍ വരുന്ന റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിനാണ് പുതിയ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. ‘സ്വിസ് ചലഞ്ച്’ എന്ന പുതിയ രീതിയിലാണ് കരാര്‍ നല്‍കുന്നത്.

ഒരു സ്‌റ്റേഷന്‍ നവീകരിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പദ്ധതി സമര്‍പ്പിക്കാം. റെയില്‍വേ അത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അതിനു ബദലായി മെച്ചപ്പെട്ട പദ്ധതി നടപ്പാക്കാമെന്ന ആശയമുള്ളവര്‍ക്കും റെയില്‍വേയെ സമീപിക്കാം.

റെയില്‍വേ ഉദ്ദേശിക്കുന്ന വിധമുള്ള വികസന പദ്ധതിയോടു ചേര്‍ന്നുനില്‍ക്കുന്ന പ്രോജക്ട് തെരഞ്ഞെടുക്കും. പുതിയ സ്‌റ്റേഷന്‍ നവീകരണ പരിപാടി പ്രത്യക്ഷത്തില്‍ സുതാര്യവും പ്രായോഗികവും ഫലപ്രദവുമെന്ന് തോന്നാമെങ്കിലും റെയില്‍വേയുടെ ഭൂമി കച്ചവടമാണ് ഈ ഇടപാടിന്റെ കാതല്‍.

ബഹുനില മന്ദിരങ്ങള്‍ക്കും മറ്റ് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കുമായി റെയില്‍വേ ഭൂമി കരാറുകാരന് വിട്ടുകൊടുക്കും. വരുമാനവും മുതല്‍മുടക്കും പങ്കുവെക്കുന്നത് ഓരോ സ്‌റ്റേഷന്റെയും സാഹചര്യമനുസരിച്ച് തീരുമാനിക്കും.

മികച്ച കരാറുകാരനെ തെരഞ്ഞെടുക്കല്‍, ഭൂമി കൈമാറ്റം, നവീകരണ പ്രോജക്ട്, നിര്‍മാണം എന്നിവയിലെല്ലാം ഒത്തുകളിക്ക് വാതില്‍ തുറക്കുന്നതാണ് റെയില്‍വേയുടെ പുതിയ തീരുമാനം. മുന്‍നിര സ്‌റ്റേഷനുകള്‍ വികസനത്തിന്റെ പേരില്‍ വേണ്ടപ്പെട്ടവര്‍ക്ക് പാട്ടത്തിന് നല്‍കുന്ന സാഹചര്യമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ സ്‌റ്റേഷന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.എസ്.ഡി.സി)ആണ് തെരഞ്ഞെടുത്ത സ്‌റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍, ചുരുക്കം സ്‌റ്റേഷനുകളുടെ വികസനം നടത്താന്‍ മാത്രമാണ് കോര്‍പറേഷന് വിഭവശേഷിയുള്ളതെന്ന വിശദീകരണത്തോടെയാണ് സ്വകാര്യ പദ്ധതി നടത്തിപ്പുകാര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനുമായി റെയില്‍വേ വാതില്‍ തുറക്കുന്നത്.

Top