കനത്ത മഴ: ചെന്നൈ നഗരം വെള്ളത്തിനടിയില്‍; 26 ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: അഞ്ചാം ദിവസവും തുടരുന്ന മഴയില്‍ ചെന്നൈ നഗരം സ്തംഭിച്ചു. കനത്ത മഴ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 26 ട്രെയിനുകള്‍ റദ്ദാക്കി. ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

ചെന്നൈ സെന്‍ട്രല്‍,എഗ്മൂര്‍ റയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് കേരളം, ബെംഗളൂരു,ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുന്ന ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇത് ആയിരത്തോളം യാത്രക്കാരെ ബാധിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അണ്ണാ,മദ്രാസ് സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഇതിനാല്‍ ഗതാഗത തടസം അനുഭവപ്പെട്ടു വരികയാണ്. കടലൂര്‍,വില്ലുപുരം അടക്കമുള്ള ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അന്തമാന്‍ നിക്കോബാര്‍ ദ്വീപിന് തെക്കുഭാഗത്തായി പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്-കിഴക്ക് ഭാഗങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്തയാഴ്ച ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Top