കണ്ണൂര്‍ സ്‌ഫോടനത്തിന്റെ അലയൊലികള്‍ അരുവിക്കരയില്‍;പ്രതിരോധിക്കാന്‍ സിപിഎം

തിരുവനന്തപുരം: തീ പാറുന്ന മത്സരം നടക്കുന്ന അരുവക്കരയില്‍ വിധി പ്രവചനാതീതമായിരിക്കെ ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത് കോണ്‍ഗ്രസ്സ്-സിപിഎം നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു.

വി.എസിനെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ കൈമാറി പ്രശ്‌നപരിഹാരം നടത്തിയ സിപിഎമ്മിന് അപ്രതീക്ഷിതമായി കണ്ണൂരിലുണ്ടായ ബോംബ് സ്‌ഫോടനം തലവേദനയായിരിക്കുകയാണ്.

കണ്ണൂര്‍ കൊളവല്ലൂരിലെ ചെറ്റക്കണ്ടിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരാണ് മരിച്ചത്. നാല്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് വെളിപ്പെടുത്തിയത് യുഡിഎഫും ബിജെപിയും പ്രചരണായുധമാക്കുകയാണിപ്പോള്‍.

കൊലയാളികളുടെയും ക്രമിനലുകളുടെയും പാര്‍ട്ടിയായി സിപിഎമ്മിനെ ചിത്രീകരിച്ച് അരുവിക്കരയില്‍ ശക്തമായ പ്രചാരണമാണ് വാര്‍ത്ത പുറത്തായത് മുതല്‍ യുഡിഎഫ്-ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്നത്.

സിപിഎമ്മിനെയും ഇടത് മുന്നണിയെയും പിന്‍തുണക്കുന്ന ജന വിഭാഗങ്ങളുടെ വോട്ട് ബാങ്കില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് ശ്രമം.

അപ്രതീക്ഷിതമായ ഈ ആക്രമണത്തെ ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ വെളിപ്പെടുത്തലുകള്‍ മുന്‍ നിര്‍ത്തി പ്രതിരോധിക്കാനാണ് ഇടത് നീക്കം.

ബാര്‍ കോഴ കേസില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ പ്രതിഷേധിച്ചാണ് അവധിയില്‍ പോയതെന്നും ഫയര്‍ഫോഴ്‌സ് മേധാവിയായി സ്ഥാനം മാറ്റപ്പെട്ട ഡിജിപി ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.

സമ്മര്‍ദ്ദങ്ങളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്തത് മനോധൈര്യം കൊണ്ടാണെന്നും താന്‍ എടുത്ത തീരുമാനം കാലം തിരിച്ചറിയുമെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്.

ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം കൊടുത്തത് ജേക്കബ് തോമസായിരുന്നു.

ജേക്കബ് തോമസിന്റെ ഈ വെളിപ്പെടുത്തല്‍ മാണിക്ക് അനുകൂലമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ പോളിനെ പ്രതിരോധത്തിലാക്കുന്നതാണ്.

സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിയമവിരുദ്ധ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി കള്ളന്മാരെയും കൊള്ളക്കാരെയും മന്ത്രിസഭയില്‍ തന്നെ സംരക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

Top