അരുവിക്കരയില്‍ കണ്ണൂര്‍ മോഡല്‍ പ്രചരണം; വോട്ടര്‍മാരെ തേടി ഇനി വിദ്യാര്‍ത്ഥി പടയും

തിരുവനന്തപുരം: വാശിയേറിയ പോരാട്ടം നടക്കുന്ന അരുവിക്കരയില്‍ വിദ്യാര്‍ത്ഥി സംഘടനകളെ രംഗത്തിറക്കാന്‍ തീരുമാനം.

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാറിന് വേണ്ടി എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകരും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന് വേണ്ടി കെഎസ്‌യു- എംഎസ്എഫ് പ്രവര്‍ത്തകരും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി എബിവിപി പ്രവര്‍ത്തകരുമാണ് പ്രചരണ രംഗം കൊഴുപ്പിക്കാന്‍ രംഗത്തിറങ്ങുന്നത്.

വിദ്യാര്‍ത്ഥിനികളെ അടക്കം അണിനിരത്തി വീടുകള്‍ തോറും വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനും കവലകളില്‍ തെരുവ് നാടകങ്ങള്‍ അടക്കമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമാണ് നീക്കം.

ജില്ലയിലെ പ്രധാന ക്യാംപസുകളില്‍ നിന്ന് ‘ഷെഡ്യൂള്‍’ പ്രകാരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടിയെത്തും.

എസ് എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ ആദ്യമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് എ.പി അബ്ദുള്ളക്കുട്ടി വിജയിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളായിരുന്നു.

പിന്നീട് നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇത് മാതൃകയാക്കി സിപിഎമ്മിന് പുറമെ കോണ്‍ഗ്രസും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇറക്കി നേട്ടം കൊയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ അകത്ത് വരെ ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കാനും ‘മണിയടിക്കാനും’ വിദ്യര്‍ത്ഥികള്‍ക്കുള്ള ‘മിടുക്കാണ്’ അരുവിക്കരയിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നത്.

ഇതുസംബന്ധമായ നിര്‍ദേശം എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി സംഘടനകളുടെ സംസ്ഥാന നേതൃത്വം തിരുവനന്തപുരം ജില്ലാകമ്മിറ്റികള്‍ക്ക് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്.

വോട്ട് ചേദിക്കാന്‍ വീടുകളില്‍ എത്തുമ്പോള്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും ചോദിച്ച് വാങ്ങികുടിക്കാന്‍ മറക്കരുതെന്നാണ് പ്രമുഖ വിദ്യാര്‍ത്ഥി സംഘടന അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

വനിതാ പ്രവര്‍ത്തകര്‍ വീടുകളില്‍ കൊച്ചുകുട്ടികളുണ്ടെങ്കില്‍ അവരെ കൈയിലെടുത്ത് താലോലിച്ച് വീട്ടുകാരുടെ പ്രീതി പിടിച്ച് പറ്റണമെന്നതാണ് മറ്റൊരു നിര്‍ദേശം. രാഷ്ട്രീയത്തിലുപരി വ്യക്തിപരമായ സ്വാധീനത്തെയും വോട്ടാക്കി മാറ്റുന്നതിന് വേണ്ടിയാണിത്.

വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ നോട്ടീസുകളും വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നല്‍കും.

Top