കണ്ണൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം; ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

കണ്ണൂര്‍: സിപിഎം – ബിജെപി സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവര്‍ത്തകരുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കിളിയലം ആര്‍എസ്എസ് ശാഖാകാര്യവാഹക് പി.വി. ഷൈജുവിനാണ് വെട്ടേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഷൈജുവിന്റെ കാലിലാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകര്‍ കെ.വി. അജിലേഷിനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ കെ. സതീഷ് കുമാറിനെയും കെ. ശ്യാംരാജിനെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷൈജുവിന്റെ കാലിനു വെട്ടേറ്റ സംഭവത്തില്‍ ബിനീഷ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരേയും മയ്യില്‍ പോലീസ് കേസെടുത്തു.

Top