കണ്ണൂരില്‍ ഒന്‍പതു പോലീസ് സ്റ്റേഷനുകളിലേക്കു തണ്ടര്‍ബോള്‍ട്ട്

കണ്ണൂര്‍: മാവോയിസ്റ്റുകളും കേരള പോലീസിലെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് സേനയും തമ്മില്‍ വയനാട്ടില്‍ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഒന്‍പതു പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. വനാതിര്‍ത്തി മേഖലയിലെ പെരിങ്ങോം, ആലക്കോട്, കുടിയാന്മല, കേളകം, പയ്യാവൂര്‍, ഇരിട്ടി, ആറളം, കരിക്കോട്ടക്കരി, ഉളിക്കല്‍ സ്റ്റേഷനുകളിലാണു സുരക്ഷ ഏര്‍പ്പെടുത്തിയത്. സായുധരായ നക്‌സല്‍ വിരുദ്ധസേനയ്ക്കു പുറമേ അഞ്ചംഗങ്ങള്‍ വീതമുള്ള തണ്ടര്‍ബോള്‍ട്ടിനെയും സ്റ്റേഷനുകളില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. 25 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം വനാതിര്‍ത്തി മേഖലകളില്‍ തെരച്ചിലും ആരംഭിച്ചു.

വയനാടിനോടു ചേര്‍ന്നു കിടക്കുന്ന പ്രധാനവനമേഖലയായ കണ്ണവം വനപ്രദേശത്തു പോലീസും തണ്ടര്‍ബോള്‍ട്ടും സുരക്ഷ ശക്തമാക്കി. ആയുധധാരികളായ അഞ്ചംഗ തണ്ടര്‍ബോള്‍ട്ട് സേനയും പോലീസും ഇന്നലെ രാത്രി വനത്തിനുള്ളില്‍ പരിശോധനനടത്തി. വേഷംമാറി മാവോയിസ്റ്റുകള്‍ വാഹനത്തില്‍ രക്ഷപ്പെട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്നു വാഹനപരിശോധനയും നടത്തുന്നുണ്ട്.

Top