കടുവ നാട്ടിലിറങ്ങിയാല്‍ കൊല്ലരുതെന്ന്‌ കടുവ സംരക്ഷണ സമിതി

ന്യൂഡല്‍ഹി: കടുവകള്‍ നാട്ടിലിറങ്ങിയാല്‍ നാട്ടുകാര്‍ പ്രതിഷേധിക്കരുതെന്ന് കടുവാ സംരക്ഷണ സമിതി. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം. കടുവാ സംരക്ഷണ സമിതിയുടെ പുതിയ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്.

ഇവിടുത്തെ കാര്യങ്ങള്‍ ജില്ലാ കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ പോലീസ് സൂപ്രണ്ടോ നേരിട്ടു വിലയിരുത്തണം. കടുവ വളര്‍ത്തു മൃഗങ്ങളെ പിടിച്ചാല്‍ ശല്യപ്പെടുത്തരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

അവയെ ഭക്ഷിക്കാന്‍ അനുവദിച്ച ശേഷം ഉടമസ്ഥനു നഷ്ടപരിഹാരം നല്‍കണം. ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു പോകുന്ന അവശിഷ്ടങ്ങള്‍ എടുത്തുമാറ്റരുതെന്നും രേഖയില്‍ പറയുന്നു. കടുവയെ ഒരു കാരണവശാലും വിഷം നല്‍കി കൊല്ലരുത്. നാട്ടിലേക്കു കടുവ ഇറങ്ങുന്നത് എന്തുകൊണ്ടെന്ന് പഠിക്കണം. കടുവയുടെ നാട്ടിലേക്കുള്ള വരവു ക്യാമറവച്ചു നിരീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു.

കടുവയുടെ നീക്കങ്ങള്‍ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ നിരീക്ഷിക്കണം. പറമ്പിക്കുളം പെരിയാര്‍ മേഖലയില്‍ കടുവകളുടെ എണ്ണം കുറയുന്നതായും ഇത് എന്തു കൊണ്ടാണെന്നും പരിശോധിക്കണമെന്നും അതോറിറ്റിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.

Top