കടലുകള്‍ കടന്നെത്തിയ താരങ്ങള്‍; ഇത്തവണ ഐ.എസ്.എല്ലില്‍ സ്പാനിഷ്-ബ്രസീല്‍ പോരാട്ടം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍.) ഇത്തവണ സ്പാനിഷ്-ബ്രസീല്‍ പോരാട്ടം കാണാം. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്പാനിഷ് ടീമുമായാണ് ഇറങ്ങുന്നതെങ്കില്‍ കിരീടമോഹികളായ എഫ്.സി. ഗോവയ്ക്ക് ബ്രസീല്‍ ടീമാണ്.

കൊല്‍ക്കത്ത ടീമിലെ ആറ് വിദേശികള്‍ സ്‌പെയിനില്‍ നിന്നുള്ളവരാണെങ്കില്‍ ഗോവ ടീമില്‍ മാര്‍ക്കീ താരമടക്കം ആറുപേര്‍ ബ്രസീലില്‍നിന്നാണ്. ഇരുടീമുകളിലെ പരിശീലനസംഘത്തിലും ഇതേ രാജ്യങ്ങളുടെ ആധിപത്യമാണ്.

കൊല്‍ക്കത്ത ടീമില്‍ പ്രതിരോധനിരക്കാരായ ജോസ്മി, ടിറി, മധ്യനിരക്കാരന്‍ ബോറിയ ഫെര്‍ണാണ്ടസ്, ജെയ്‌മെ ഗാവിലാന്‍, ജാവി ലാറ, ഗോള്‍കീപ്പര്‍ യുവാന്‍ എന്നിവരാണ് സ്‌പെയിനില്‍നിന്നുള്ളവര്‍. ഇതില്‍ ബോറിയ, ജോസ്മി, എന്നിവര്‍ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ക്കുപുറമേ അഞ്ച് വിദേശതാരങ്ങള്‍കൂടി ടീമിലുണ്ടെങ്കിലും അവര്‍ വിവിധരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ടീമിലെ മാര്‍ക്കീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ പോര്‍ച്ചുഗലില്‍നിന്നാണ്. ആദ്യ ഇലവനില്‍ ആറ് വിദേശകളിക്കാര്‍ക്കാണ് അവസരം ലഭിക്കുന്നത്. കളിക്കാര്‍ക്ക് പുറമേ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹെബാസ്, ഫിറ്റ്‌നസ് കോച്ച് മിഗ്വല്‍ മാര്‍ട്ടിനസ്, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ അല്‍ബര്‍ട്ടോ മറെറോ എന്നിവര്‍ സ്‌പെയിനില്‍നിന്നുള്ളവരാണ്.

ബ്രസീല്‍ ഇതിഹാസം സീക്കോ പരിശീലകനായ എഫ്.സി. ഗോവയില്‍ മാര്‍ക്കീ താരമടക്കം ആറ് താരങ്ങളാണ് ബ്രസീലില്‍നിന്നുള്ളത്. ബ്രസീലിന്റെ ലോകകപ്പ് വിജയത്തിലെ പങ്കാളിയായ ലൂസിയോ മാര്‍ക്കീ താരം. ഗോള്‍കീപ്പര്‍ എലിന്‍ടണ്‍ ആന്ദ്രെദ, പ്രതിരോധനിരക്കാരന്‍ ലിയോ മൗറ, മധ്യനിരക്കാരന്‍ ജോനാഥന്‍ ലൂക്ക, മുന്നേറ്റനിരക്കാരായ റെയ്‌നാള്‍ഡോ, വിക്ടര്‍ സിമുവ്‌സ് എന്നിവരാണ് മറ്റ് ബ്രസീലിയന്മാര്‍. എട്ട് വിദേശതാരങ്ങളെ മാത്രമേ ഗോവ ടീമിലെടുത്തിട്ടുള്ളൂ.

പരിശീലകസംഘത്തില്‍ സീക്കോയ്ക്ക് പുറമേ സഹപരിശീലകരായ വനൂച്ചി ഫെര്‍ണാണ്ടോ, ഗബ്രിയേല്‍ മിഗ്വല്‍, ഫിസിക്കല്‍ ട്രെയിനര്‍ ഗോണ്‍സാലസ് വില്യന്‍ എന്നിവരും ബ്രസീലില്‍നിന്നുള്ളവരാണ്.

ലീഗിലെ എട്ട് മാര്‍ക്കീ താരങ്ങളില്‍ മൂന്നുപേര്‍ ബ്രസീലില്‍നിന്നുള്ളവരാണ്. ചെന്നൈയിന്‍ എഫ്.സി.യുടെ എലാനോ, എഫ്.സി. ഗോവയുടെ ലൂസിയോ, ഡല്‍ഹി ഡൈനാമോസിന്റെ റോബര്‍ട്ടോ കാര്‍ലോസ് എന്നിവരാണിത്.

Top