കംപോഡിയയില്‍ എയ്ഡ്‌സ് പടര്‍ന്നു പിടിക്കുന്നു

നോം പെന്‍: കംപോഡിയയില്‍ എയ്ഡ്‌സ് പടര്‍ന്നു പിടിക്കുന്നതായി പഠനം. ആരോഗ്യമന്ത്രാലയവും യു.എന്നും സംയുക്തമായി നടത്തിയ പരിശോധനയിലാണു ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

തെക്കുപടിഞ്ഞാറന്‍ കംപോഡിയയിലെ ഗ്രാമത്തില്‍ നടന്ന മൂന്നാംഘട്ട പരിശോധനയില്‍ 90 പേര്‍ക്കാണ് എച്ച്.ഐ.വി. സ്ഥിരീകരിച്ചത്. ബാറ്റംബാങ്കിലെ റോക്ക സമുദായത്തില്‍ നിന്നുള്ളവരില്‍ നിന്നു ശേഖരിച്ചു പരിശോധനയ്ക്കയച്ച രക്തസാംപിളുകളിലാണ് അസാധാരണമാംവിധം എച്ച്.ഐ.വി. ബാധ കണെ്ടത്തിയതെന്നു ഡോ. ഡൈഡര്‍ ഫോന്‍ടെനില്‍ അറിയിച്ചു. പ്രദേശവാസികളില്‍ നിന്നു കൂടുതല്‍ രക്തസാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരായ റോക്ക വിഭാഗത്തില്‍ അടുത്തകാലത്തു നടത്തിയ പരിശോധനയില്‍ 15 വയസ്സില്‍ താഴെയുള്ള 19 കുട്ടികളിലും വൃദ്ധരടക്കം 106 പ്രായപൂര്‍ത്തിയായവരിലും എച്ച്.ഐ.വി. പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതായി കംപോഡിയയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ എച്ച്.ഐ.വി/എയ്ഡ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എച്ച്.ഐ.വി. പടര്‍ന്നു പിടിച്ചെന്ന വാര്‍ത്ത വന്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പ്രാദേശിക ആരോഗ്യപരിപാലകരുടെ ഭാഗത്തു നിന്നു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, എച്ച്.ഐ.വി. പടര്‍ന്നുപിടിച്ചെന്ന വാര്‍ത്ത അവിശ്വസനീയമാണെന്നു പ്രധാനമന്ത്രി ഹന്‍ സെന്‍ പറഞ്ഞു.

Top