ഔഡി ക്യൂ 3 പരിഷ്‌കരിച്ച പതിപ്പ്

ഔഡി ക്യൂ 3 യുടെ പരിഷ്‌കരിച്ച പതിപ്പ് ഡിസംബറില്‍ ആഗോളവിപണിയില്‍ അവതരിപ്പിക്കും. ഏറ്റവും മികച്ച മാറ്റങ്ങളുമായാണ് ഔഡി ക്യൂ 3 ഫേസ് ലിഫ്റ്റ് വിപണിയിലെത്തുക.

2011 ല്‍ ഔഡി അവതരിപ്പിച്ച എന്‍ട്രി ലെവല്‍ ക്രോസ്സ് ഓവറായ ഔഡി ക്യൂ 3യ്ക്ക് വന്‍ സ്വീകാര്യതയാണ് ആഗോളവിപണി നല്‍കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ക്യൂ 3യുടെ പരിഷ്‌കരിച്ച പതിപ്പും ഉടന്‍ വിപണിയിലെത്തിക്കാന്‍ ഔഡി തീരുമാനിച്ചത്.

രൂപകല്‍പനയില്‍ പ്രധാന മാറ്റം വന്നിരിക്കുന്നത് ഹെഡ്‌ലാംപിനും ടെയില്‍ ലാംപ് ക്ലസ്റ്ററിനുമാണ്. മുന്‍ ബമ്പറിലും പിറകിലും സ്‌റ്റൈലന്‍ ഗ്രില്ലും ഔഡി ക്യൂ 3 ഫേസ് ലിഫ്റ്റിന്റെ പ്രത്യേകതയാണ്. പാരീസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ബിക്ലാസ്സ് ഫേസ് ലിഫ്റ്റിനു സമാനമായ രീതിയില്‍ എല്‍ഇഡി ലൈറ്റിങ്ങും ക്യൂ 3യില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ എഞ്ചിനില്‍ നിലവില്‍ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ല.

ഇന്ത്യയില്‍ 2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഔഡി ക്യൂ 3യില്‍ ഉപയോഗിച്ചിട്ടുള്ളത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ അല്ലെങ്കില്‍ 7 സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സോ ഉള്ള എഞ്ചിനാണിത്.

ക്യൂ ത്രീയ്ക്ക് പിന്നാലെ ക്യൂ ഫൈവ് മോഡലിന്റേയും ഫേസ് ലിഫ്റ്റ് വിപണിയിലേയ്‌ക്കെത്തിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ക്യൂഫൈവ് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മെര്‍ഡിഡസ് ജിഎല്‍എ, ബിഎംഡബ്ലൂ എക്‌സ് വണ്‍, വോള്‍വോ വിഫോര്‍ട്ടി ക്രോസ്സ് കണ്‍ട്രി എന്നിവയാണ് ഔഡി ക്യൂ 3 യുടെ മുഖ്യ എതിരാളികള്‍. എക്‌സ്‌ഷോറൂം വില 25 ലക്ഷത്തിനും 38 ലക്ഷത്തിനും ഇടയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top