ഔഡി ആര്‍.എസ് 6 അവാന്റ് ഇന്ത്യന്‍ നിരത്തിലിറങ്ങി

ഔഡി ആര്‍.എസ് 6 അവാന്റ് ഇന്ത്യന്‍ വിപണിയിലെത്തി. അവാന്റ് ബോഡി സ്‌റ്റൈലോടെയുള്ള ആദ്യ സ്‌പോര്‍ട്‌സ് കാറെന്ന നേട്ടവുമായാണ് ഇന്ത്യന്‍ നിരത്തുകളിലേക്ക് ആര്‍.എസ് 6 അവാന്റിന്റെ ചുവടുവയ്പ്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ഔഡി ഇന്ത്യ മേധാവി ജോ കിംഗ് എന്നിവര്‍ ചേര്‍ന്ന് വാഹനം വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ് ഷോറൂം വില 1.35 കോടി രൂപ.

ഉയര്‍ന്ന കരുത്ത്, പ്രവര്‍ത്തന ശേഷി എന്നിവയ്‌ക്കൊപ്പം പ്രതിദിന ഉപയോഗത്തിന് അനുയോജ്യമാണെന്നത് ആര്‍.എസ് 6 അവാന്റിന്റെ പ്രത്യേകതയാണ്. റേസിംഗ് ടെക്‌നോളജിയോടെ 4.0 ടി.എഫ്.എസ്.ഐ ട്വിന്‍ ടര്‍ബോ വി എട്ട്, 3993 സി.സി എന്‍ജിനാണുള്ളത്. 560 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണിത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 3.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത.

ഔഡി ആദ്യമായി അവതരിപ്പിക്കുന്ന സിലിണ്ടര്‍ ഓണ്‍ ഡിമാന്‍ഡ് സാങ്കേതികവിദ്യ കാറിന്റെ മൊത്തം പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കും. ഇന്ധനക്ഷമത കൂട്ടുമെന്നതും കാര്‍ബണ്‍ എമിഷന്‍ കുറവാണെന്നതും പ്രത്യേകതയാണ്. നേരത്തേ ഔഡി ആര്‍ 8 എല്‍.എം.എക്‌സ്, പുതിയ ഔഡി ടിടി കൂപ്പേ, പുതിയ ഔഡി ആര്‍.എസ് 7 എന്നീ സ്‌പോര്‍ട്‌സ് കാറുകള്‍ ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ആകര്‍ഷകമായ പത്ത് കളര്‍ ഷെയ്ഡുകളില്‍ ആര്‍.എസ് 6 അവാന്റ് ലഭ്യമാണ്.

Top