ഓഹരി വിപണിയിലെ നഷ്ടം: 33 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍

മുംബൈ: ഓഹരി വിലകള്‍ കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ബിഎസ്ഇ 500ലെ 33 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി.ഓഹരി വിപണിയിലെ നഷ്ടത്തില്‍ സെന്‍സെക്‌സിന് മാത്രം 700ഓളം പോയന്റുകളാണ് നഷ്ടമായത്.

മാന്ദ്യത്തിന്റെ സൂചനകളാണ് ഓഹരി വിപണികളെ കനത്ത നഷ്ടത്തിലാക്കിയത്. ക്രൂഡ് വില അടിക്കടി താഴുന്നതും ഗ്രീസിലെ പ്രതിസന്ധിയും ചൈനയിലെ മുരടിപ്പും ഏഷ്യന്‍ വിപണികളെയും പിടിച്ചുകുലുക്കി.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ലാഭമെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ബിഎസ്ഇ 500ലെ 33 ഓഹരികള്‍ ഉള്‍പ്പടെ 92 കമ്പനികളുടെ ഓഹരി വിലകളാണ് ബിഎസ്ഇയില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുള്ളത്.

ഓയില്‍ ആന്റ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍(ഒഎന്‍ജിസി), ഗെയില്‍, എന്‍ടിപിസി, ഐഎഫ്‌സിഐ, എന്‍എംഡിസി, എന്‍എച്ച്പിസി, നാഷണല്‍ അലുമിനിയം, വിജയ ബാങ്ക് ഉള്‍പ്പടെ ഒമ്പത് പൊതുമേഖല സ്ഥാപനങ്ങള്‍ അടിത്തട്ട് കണ്ടു.

അനില്‍ അഗര്‍വാള്‍ പ്രൊമോട്ടറായ കെയിന്‍ ഇന്ത്യയും വേദാന്ത, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നീ കമ്പനികളും ടാറ്റഗ്രൂപ്പിലെ ടാറ്റ മോട്ടോഴ്‌സും ടാറ്റ പവറും അനില്‍ അംബാനി കമ്പനികളായ റിലയന്‍സ് ക്യാപിറ്റലും റിലയന്‍സ് ഇന്‍ഫ്രയും താഴ്ന്ന നിലവാരത്തിലാണ്.

ഹിന്‍ഡാല്‍കോ, ജസ്റ്റ് ഡയല്‍, അബാന്‍ ഓഫ്‌ഷോര്‍, അദാനി പവര്‍, ഇഐഡി പാരി, രേണുക ഷുഗേഴ്‌സ്, ശോഭ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വിഎസ്ടി ഇന്‍ഡസ്ട്രീസ് എന്നീ ബിഎസ്ഇ500ലെ ഓഹരികളും 52 ആഴ്ചയിലെ താഴ്ന്ന വിലയിലാണ്.

സപ്തംബറില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് യു.എസ് ഫെഡ് റിസര്‍വിന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി നല്‍കിയ ശുപാര്‍ശ പുറത്തുവന്നതിനെതുടര്‍ന്നാണ് ആഗോള വ്യാപകമായി ഓഹരി വിപണികളില്‍ വില്‍പന സമ്മര്‍ദമേറിയത്.

Top