ഓഹരി വിപണിയിലെ ഇടിവ്: നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.92 ലക്ഷം കോടി രൂപ

മുംബൈ: ഓഹരി വിപണിയില്‍ വെള്ളിയാഴ്ചയിലെ ഇടിവുമൂലം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 1.92 ലക്ഷം കോടി രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 1,92,604.36 കോടിയില്‍നിന്ന് 93,83,643 കോടിയായി കുറഞ്ഞതോടെയാണിത്.

30 ഓഹരികളടങ്ങിയ സൂചികയില്‍ 28 എണ്ണവും നഷ്ടത്തിലായിരുന്നു. വേദാന്ത, ഗെയില്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ എന്നിവ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.

ബിഎസ്ഇ റിയാല്‍റ്റി സൂചികയാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. 3.32 ശതമാനം. സെന്‍സെക്‌സ് 562 പോയന്റ് നഷ്ടത്തില്‍ 25,201ലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ചൈനീസ് സമ്പദ്ഘടനയിലെ മുരടിപ്പ് ആഗോള വളര്‍ച്ചയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തിയതാണ് വിപണികള്‍ക്ക് തിരിച്ചടിയായത്.

Top