ഓഹരി വിപണിക്ക് ഇന്നും നേട്ടത്തോടെ തുടക്കം

മുംബൈ: സെൻസെക്സും നിഫ്റ്റിയും ഇന്നലെ കുതിച്ചുയർന്നതിനാൽ ആഭ്യന്തര ഓഹരി സൂചികകൾ നേട്ടത്തോടെയാണ് ഈ വർഷം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 929 പോയിന്റ് (1.6 ശതമാനം) ഉയർന്ന് 59183 ലും നിഫ്റ്റി 50 സൂചിക 271 പോയിന്റ് (1.57 ശതമാനം) ഉയർന്ന് 17625 ലും ക്ലോസ് ചെയ്തു. ആഴ്‌ചയിലെ രണ്ടാമത്തെ ട്രേഡിംഗ് സെഷനിൽ പ്രവേശിക്കുമ്പോൾ, സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 17700 ലേക്കും സെൻസെക്സ് 59300 ന് മുകളിലുമാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മടങ്ങിവരവ് പ്രതിസന്ധിയിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നലെ പുറത്തുവന്ന സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (CMIE) യുടെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ. ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.91 ശതമാനമായി ഉയർന്നു. ഒമിക്രോൺ വകഭേദം രാജ്യത്തുടനീളം വ്യാപിക്കുന്നതിന് മുമ്പുതന്നെ തൊഴിലില്ലായ്മയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സിഎംഐഇയുടെ കണക്കുകൾ പ്രകാരം, ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതിന് നഗര, ഗ്രാമ പ്രദേശങ്ങൾ കാരണമായി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 7.75 ശതമാനവും നവംബറിൽ 7 ശതമാനവുമായിരുന്നു.

Top