ഓഹരി വിപണികള്‍ ചരിത്രപരമായ ഇടിവില്‍; സെന്‍സെക്‌സ് 1125 പോയിന്റ് താഴ്ന്നു

മുംബൈ: അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പ്രതികൂലമായതോടെ രാജ്യത്തെ ഓഹരി നാണ്യ വിപണികള്‍ ചരിത്രപരമായ ഇടിവിലേക്ക്. മുംബൈ സ്‌റ്റോക്ക് എക്‌സേഞ്ച് സൂചികയായ സെന്‍സെക്‌സ് 1100 പോയിന്റ് ഇടിഞ്ഞു. നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ച് സൂചികയായ നിഫ്റ്റി 350 പോയിന്റ് ഇടിഞ്ഞ് 8000 നിലവാരത്തിന് താഴേക്ക് പതിച്ചു.ഡോളറിന് എതിരെ രൂപയുടെ മൂല്യം 66 രൂപ 50 പൈസയിലേക്ക് കൂപ്പുകുത്തി.

ചൈനയിലെ സാമ്പത്തിക പ്രതിസന്ധി ഏഷ്യന്‍ വിപണികളെ വീഴ്ത്തയതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നുണ്ടാതയെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

വ്യാപാര ആരംഭം മുതല്‍ ഇന്ത്യന്‍ വിപണികള്‍ വന്‍ നഷ്ടത്തിലായിരുന്നു. ചൈനയുടെ ഓഹരി വിപണിയില്‍ ഒന്‍പത് ശതമാനം നഷ്ടമാണുണ്ടായത്. ഇത് ഏഷ്യന്‍ വിപണികളെ മൊത്തത്തില്‍ ബാധിക്കുകയായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. ധനകാര്യ ഓഹരികളിലാണ് നഷ്ടമേറയുമുണ്ടായത്. ഓട്ടോ, റിയാലിറ്റി, മെറ്റല്‍ ഓഹരികളിലും വന്‍ നഷ്ടമുണ്ടായി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ചരിത്രപരമായ ഇടിവിലേക്ക് എത്തിയതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ബാരലിന് 40 ഡോളറായാണ് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത്. ഇത് 2009 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.

ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി ആശങ്കാ ജനകമല്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ പറഞ്ഞു. കരുതല്‍ ധന ശേഖരത്തില്‍ നിന്നും ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top